കോട്ടയം: എരണ്ടക്കെട്ടിനെ അതിജീവിച്ച് കൊമ്പൻ പുതുപ്പള്ളി സാധു , ആരോഗ്യവാനായതിനെച്ചൊല്ലി കൊടുമ്പിരിക്കൊണ്ട് വിവാദം. ആനയ്ക്ക് എരണ്ടക്കെട്ട് വന്നതും , ആന തിരികെ ആരോഗ്യവാനായതിന്റെയും ക്രഡിറ്റ് ഗുജറാത്തിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘത്തിന് നൽകിയുള്ള മലയാള മനോരമ വാർത്തയാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. കേരളത്തിലെ വിഗദ്ധരായ വെറ്റിനറി ഡോക്ടർമാർ എരണ്ടക്കെട്ട് കണ്ടെത്തുകയും, എരണ്ടം നീങ്ങി ആന ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്ത ശേഷം മാത്രം എത്തിയ ഗുജറാത്ത് സംഘത്തിന് വിജയത്തിന്റെ ക്രഡിറ്റ് ചാർത്തി നൽകാൻ ശ്രമിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്.
ആനയൂട്ടിന് ശേഷം പുതുപ്പള്ളിയിലെ കെട്ടും തറയിൽ എത്തിയ കൊമ്പൻ പുതുപ്പള്ളി സാധുവിന് കഴിഞ്ഞ മാസം ജൂലൈ 27 നാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ജൂലൈ 28 ന് രാവിലെ തന്നെ ആനയ്ക്ക് വെറ്റിനറി സർജൻ ഡോ.സാബു സി.ഐസക്കിന്റെ നേതൃത്വത്തിൽ ചികിത്സ ആരംഭിക്കുകയും ചെയ്തു. ജൂലൈ 29 ന് തന്നെ ആനയ്ക്ക് ഡോ. സാബു സി ഐസക്ക് എരണ്ടക്കെട്ട് സ്ഥിരീകരിച്ചിരുന്നു. 29 മുതൽ ആഗസ്റ്റ് അഞ്ച് വരെ ഡോ. സാബു സി ഐസക്ക് തന്നെ ആണ് ആനയെ ചികിത്സിച്ചിരുന്നു. ഇതിന് ശേഷം കേരളത്തിലെ ആന ചികിത്സാ വിദഗ്ധരായ ഡോ.സാബു സി.ഐസക്കും, ഡോ.ശശീന്ദ്ര ദേവും അടങ്ങുന്ന സംഘമാണ് ഈ സമയം അത്രയും ആനയുടെ ചികിത്സ നടത്തിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മാസം ആദ്യം തന്നെ ആനയുടെ വയറ്റിൽ കെട്ടിക്കിടന്ന എരണ്ടത്തിന് അനക്കം വയ്ക്കുകയും, ആന തീറ്റ എടുത്ത് തുടങ്ങുകയും ചെയ്തു. എന്നാൽ, 16 ന് മാത്രമാണ് ഗുജറാത്ത് സംഘം കേരളത്തിൽ എത്തിയത്. ഇവർ എത്തിയപ്പോഴേയ്ക്കും ആനയുടെ വയറ്റിൽക്കെട്ടികിടന്ന എരണ്ടം നീങ്ങിത്തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഗുജറാത്ത് സംഘം ശാസ്ത്രീയ പരിശോധന നടത്തിയത്. എന്നാൽ, ഇതിന് മുൻപ് തന്നെ കേരള സംഘം എരണ്ടക്കെട്ട് സ്ഥിരീകരിക്കുകയും ആന തീറ്റയെടുത്ത് ആരോഗ്യത്തിലേയ്ക്കു മടങ്ങിയെത്തുകയും ചെയ്തിരുന്നു.
ആനപരിപാലന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ വെറ്റിനറി ഡോക്ടർമാരെ തള്ളി ഗുജറാത്ത് സംഘത്തെ പ്രമോട്ട് ചെയ്യുന്നതിൽ കടുത്ത എതിർപ്പാണ് ആനപ്രേമികൾക്കുള്ളത്. ആനയെ ചികിത്സിച്ച് രോഗം ഭേദമാക്കിയ കേരള ഡോക്ടർമാർക്ക് അർഹിക്കുന്ന അംഗീകാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.