കോട്ടയം: ഗതാഗതക്കുരുക്കിൽ വലഞ്ഞ പുതുപ്പള്ളിയിലെ റോഡിരികെ കുഴിയടയ്ക്കാനുള്ള കോൺട്രാക്ട് ഏറ്റെടുത്ത് പൊലീസ്. റോഡ് മുഴുവൻ തകർന്ന് തരിപ്പണമായി കുളമായി കിടന്ന പുതുപ്പള്ളി പഞ്ചായത്തിന് മുന്നിലെ റോഡാണ് പൊലീസുകാർ കുരുക്കഴിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കുഴിയടച്ചത്. ശനിയാഴ്ച രാവിലെയാണ് പുതുപ്പള്ളി പഞ്ചായത്തിനു മുന്നിലൂടെയുള്ള റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. റോഡ് ഏതാണ്ട് പൂർണമായും തകർന്നു കിടക്കുന്നതിനാൽ ഇവിടെ ഒറ്റ മഴയിൽ തന്നെ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. ഇതോടെയാണ് റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഈ റോഡിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. എന്നാൽ, അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ കുരുങ്ങുക കൂടി ചെയ്തതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി. തുടർന്നാണ് പൊലീസ് കൺട്രോൾ റൂം വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ റോഡിലെ കുഴിയടയ്ക്കാൻ മുന്നിട്ടിറങ്ങിയത്. ഈ സമയം കോട്ടയം ഈസ്റ്റ് എസ്.ഐ അടക്കമുള്ള സംഘവും സ്ഥലത്ത് എത്തി കുഴി അടയ്ക്കാൻ മുന്നിൽ നിന്നു. കോട്ടയം പോലീസ് കൺട്രോൾ റൂം വെഹിക്കിൾ അഞ്ചാം നമ്പരിലെയും കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരായ എസ് ഐ അരുൺകുമാർ , എസ് ഐ നൗഷാദ്, എസ് ഐ ഷാജി , സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ഷെബിൻ , സി പി ഒ ബിപിൻ , സി പി ഒ അജിത്ത് എന്നിവർ ചേർന്നാണ് റോഡിലെ കുഴിയടച്ചത്.