കോട്ടയം: പുതുപ്പള്ളിയിൽ അരനൂറ്റാണ്ടിന്റെ ചരിത്രത്തിനിടെ ആദ്യമായി ഉമ്മൻചാണ്ടിയല്ലാതെ മറ്റൊരു യുഡിഎഫ് സ്ഥാനാർത്ഥി പത്രിക നൽകി. ഉമ്മൻചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ ഇന്ന് പള്ളിക്കത്തോട് ബിഡിഒ മുൻപാകെ പത്രിക സമർപ്പിച്ചതോടെയാണ് ചരിത്രത്തിൽ ആദ്യമായി ഉമ്മൻചാണ്ടി അല്ലാതെ മറ്റൊരു സ്ഥാനാർത്ഥി യുഡിഎഫിനു വേണ്ടി മത്സര രംഗത്ത് ഇറങ്ങുന്നത്.
വ്യാഴാഴ്ച നാടകീയ രംഗങ്ങൾക്കാണ് പുതുപ്പള്ളി അക്ഷരാർത്ഥത്തിൽ സാക്ഷ്യം വഹിച്ചത്. പുതുപ്പള്ളിയിലെ ജനപ്രതിനിധിയായി മത്സര രംഗത്ത് ഇറങ്ങിയ ചാണ്ടി ഉമ്മന് വേണ്ടി കെട്ടിവയ്ക്കാനുള്ള തുക നൽകാമെന്നു വാഗ്ദാനം ചെയ്തു രംഗത്തെത്തിയത് മുൻപ് ഉമ്മൻചാണ്ടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന സിഒടി നസീറായിരുന്നു. ഇദ്ദേഹം നാട്ടിലില്ലാത്തിനാൽ ഇദ്ദേഹത്തിന്റെ മാതാവ് എത്തി കെട്ടിവയ്ക്കാനുള്ള തുക നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ മാതാവിന് വരാനായില്ല. ഇതോടെ വീഡിയോ കോളിൽ വിളിച്ച് അനുഗ്രഹം തേടുകയും, തുടർന്ന് ഗൂഗിൾ പേ വഴി പണം നൽകുകയുമായിരുന്നു.
രാവിലെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഖബറിടത്തിൽ എത്തിയ ചാണ്ടി ഉമ്മൻ ഇവിടെ പ്രാർത്ഥിച്ച ശേഷം ആദ്യം നാമനിർദേശ പത്രിക പിതാവിന് സമർപ്പിച്ചു. പത്തു മിനിറ്റോളം നാമനിർദേശ പത്രിക ഇവിടെ സമർപ്പിച്ച ശേഷം ഇദ്ദേഹം കണ്ണടച്ചു നിന്ന് പ്രാർത്ഥിച്ചു. തുടർന്ന്, പാമ്പാടിയിലെ പാർട്ടി ഓഫിസിൽ എത്തി. ഇവിടെ പ്രവർത്തകർക്കൊപ്പം ചിലവഴിച്ച ശേഷം നേരെ ഇവിടെ നിന്നും പള്ളിക്കത്തോട് ബിഡിഒ ഓഫിസിലേയ്ക്കു പോകുകയായിരുന്നു. ബിഡിഒ ഓഫിസിലേയ്ക്കു പ്രകടനമായി എത്തിയ പ്രവർത്തകരുടെ ആവേശത്തിനിടയിലൂടെ ചാണ്ടി ഉമ്മൻ നേതാക്കളുടെ കൈ പിടിച്ച് നേരെ ബിഡിഒ ഓഫിസിലേയ്ക്കു പ്രവേശിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ,എ , ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവരാണ് പത്രിക സമർപ്പണത്തിന് സ്ഥാനാർത്ഥിയ്ക്കൊപ്പമുണ്ടായിരുന്നത്.