കോട്ടയം : ഒറ്റ പനി വന്ന് പുതുപ്പള്ളി പാറാട്ട് മാർ ഇവാനിയോസ് ആശുപത്രിയിൽ എത്തിയാൽ മതി പോക്കറ്റ് കാലിയാകാൻ. മകന് പനി ബാധിച്ച് പുതുപ്പള്ളി പാറാട്ട് മാർ ഇവാനിയോസ് ആശുപത്രിയിൽ ചികിത്സ തേടിയ കൊല്ലാട് സ്വദേശിയിൽ നിന്ന് 17207 രൂപയാണ് മൂന്ന് ദിവസം കൊണ്ട് ഈടാക്കിയത്. മുറിയിൽ കിടന്ന രോഗിയെ പരിശോധിക്കാൻ എത്തിയ ഡോക്ടറുടെ ഫീസ് ആയി പ്രതി ദിനം 1000 രൂപയും , മുറി വൃത്തിയാക്കാൻ പ്രതി ദിനം 400 രൂപയുമാണ് ഫീസ് ആയി ഈടാക്കിയത്. അഡ്മിഷൻ ഫീസ് ആയി 600 രൂപ ഈടാക്കിയപ്പോൾ 950 രൂപയാണ് മുറിയുടെ പ്രതിദിന വാടക. ഡ്രസിങ് ചാർജ് ആയി 250 രൂപ ഈടാക്കിയപ്പോൾ , 700 രൂപയാണ് പ്രതിദിന നഴ്സിങ്ങ് ചാർജ്. ലാബ് ചാർജ് ആയി 2020 രൂപയും , മെഡിസിൻ ചാർജായി 4887 രൂപയുമാണ് ബില്ലിലുള്ളത്. 300 രൂപ റേഡിയേഷൻ ചാർജ് ആയും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നുദിവസം ആശുപത്രിയിൽ കിടന്ന കൊല്ലാട് സ്വദേശിയായ 14 കാരനാണ് ഇത്രയും ഭീമമായ തുകയുടെ ചികിത്സ ആശുപത്രി അധികൃതർ നടത്തിയത്.