പുതുപ്പള്ളി : പുതുപ്പള്ളി തോട്ടയ്ക്കാട്ടിൽ കുറുക്കന്റെ കടിയേറ്റ് പേവിഷബാധയേറ്റ പശു ചത്തു. പത്താം വാർഡിൽ മാരാൻ കാലായിൽ എം സി ജോണിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് കുറുക്കന്റെ ആക്രമത്തിൽ പരിക്കേറ്റ് മരിച്ചത്. ബുധൻ 11 മണിയോടെയായിരുന്നു കുറുക്കന്റെ അക്രമം . കോഴിയെ പിടിച്ച ശേഷം തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെയും കടിക്കുകയായിരുന്നു.
പരിക്കേറ്റ പശുവിനെ പിന്നീട് ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയേറ്റ വിവരം പുറത്തറിയുന്നത്. പ്രദേശത്ത് നാളുകളായി കുറുക്കന്റെ ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനുള്ള പുരസ്ക്കാരം നേടിയ കർഷകനാണ് ജോൺ , ആടുകളും കോഴികളും കന്നുകാലികളുമുൾപ്പടെ നിരവധി മൃഗങ്ങളാണ് ഫാം ഉടമ കൂടിയായ ജോണിന്റെ പുരയിടത്തിലുള്ളത്