കോട്ടയം: പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിൽ നിന്ന്. കോട്ടയത്തെ വ്യവസായിയും സഭാ അധ്യക്ഷനും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് ഇതു സംബന്ധിച്ചുള്ള ധാരണയെത്തിയതെന്നാണ് സൂചന. കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതുപ്പള്ളി ഡിവിഷനിൽ നിന്നുള്ള അംഗത്തെ പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാക്കുന്നതിനാണ് ഇപ്പോൾ ആലോചനകൾ സജീവമാക്കിയിരിക്കുന്നത്. വാർത്ത അറിഞ്ഞ് ഈ ജില്ലാ പഞ്ചായത്തംഗത്തെ ജാഗ്രതാ ന്യൂസ് ലൈവ് സംഘം ബന്ധപ്പെട്ടു. എന്നാൽ, ഇദ്ദേഹം വാർത്ത നിഷേധിക്കാൻ തയ്യാറായിട്ടില്ല. മണർകാട്ട് നിന്നുള്ള ഒരു വ്യവസായിയുടെ മധ്യസ്ഥതയിൽ, ഒരു മുൻ ബിഷപ്പിന്റെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ നേതാവ് പുതുപ്പള്ളയിൽ മത്സരിക്കാൻ സമ്മതം മൂളിയതെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. ഇതിനിടെ ഇദ്ദേഹത്തെ സ്ഥാനാർത്ഥിതത്വത്തിൽ നിന്നും പിൻതിരിപ്പിക്കുന്നതിനുള്ള നീക്കവും കോൺഗ്രസ് നേതൃത്വത്തിൽ നിന്നും സജീവമായി നടക്കുന്നുണ്ട്. നേരത്തെ ഇദ്ദേഹത്തിന്റെ ജില്ലാ പഞ്ചായത്ത് സീറ്റിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ നീക്കം നടന്നിരുന്നു. ഇതോടെ ഇദ്ദേഹം ഉമ്മൻചാണ്ടി കുടുംബവുമായി അകന്നു തുടങ്ങിയത്. ഇതിന് ശേഷം ഇദ്ദേഹം കോൺഗ്രസിൽ ഇദ്ദേഹം ഒറ്റപ്പെട്ട നിലയിലായിരുന്നു. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയങ്ങളിൽ എല്ലാം ഇദ്ദേഹം ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇദ്ദേഹം എൽഡിഎഫ് സ്ഥാനാർത്ഥിയാകും എന്ന സൂചന പുറത്ത് വന്നിരിക്കുന്നത്.