കോട്ടയം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോട്ടയത്ത് എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി. ഇന്ത്യ മുന്നണിയുടെ പ്രചാരണ സമിതി അധ്യക്ഷനായ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണിയുടെ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ മത്സരിക്കുന്ന ഇതേ മണ്ഡലത്തിൽ തന്നെ രാഹുൽ ഗാന്ധി വോട്ട് തേടി എത്തിയത് കൗതുകമായി. ഇന്ന് കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്താണ് രാഹുൽ ഗാന്ധി യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയത്.
ഇവിടെ എത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർത്ഥി എന്നോ, ഫ്രാൻസിസ് ജോർജ് എന്നോ രാഹുൽ ഗാന്ധി പറഞ്ഞില്ലെന്നത് കൗതുകമായി മാറി. പ്രസംഗത്തിൽ ഉടനീളം രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം ഇന്ത്യ മുന്നണിയെപ്പറ്റിയായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമാണ് കേരള കോൺഗ്രസ്. കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ ജോസ് കെ.മാണി എം.പിയാണ് ഇന്ത്യ മുന്നണിയുടെ പ്രചാരണ സമിതി അധ്യക്ഷൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫ്രാൻസിസ് ജോർജിനോ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനോ ഇന്ത്യ മുന്നണിയിൽ പ്രാതിനിധ്യവുമില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ മുന്നണിയ്ക്ക് വേണ്ടി രാഹുൽ ഗാന്ധി കോട്ടയത്ത് വോട്ട് ചോദിച്ചെത്തിയത് രാഷ്ട്രീയ കൗതുകമായി മാറിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ത്യ മുന്നണി പ്രഖ്യാപിച്ചപ്പോൾ മുതൽ കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണിയുടെ ഭാഗമാണ്. നിലവിൽ കേരളത്തിൽ ഇടതു മുന്നണിയുടെ ഭാഗമാണെങ്കിലും ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് രണ്ട് എംപിമാരുള്ള കേരള കോൺഗ്രസ്. ഇന്ത്യ മുന്നണി യോഗത്തിൽ പ്രാദേശിക കക്ഷിയായ കേരള കോൺഗ്രസിന് അർഹമായ പ്രാതിനിധ്യവും നൽകുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ എത്തിയ രാഹുൽ ഗാന്ധി കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പേര് എടുത്ത് പറഞ്ഞ് വിമർശിക്കാതിരുന്നതെന്നാണ് രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നത്. തന്റെ ഒപ്പം ഡൽഹിയിൽ പ്രവർത്തിക്കുന്ന ഇന്ത്യ മുന്നണി അംഗത്തിന് അനുകൂലമായാണോ , തന്റെ ഒപ്പം കേരളത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയ്ക്ക് വേണ്ടിയാണോ ഇപ്പോൾ രാഹുൽ തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചതെന്ന ചർച്ചയാണ് സജീവമായിരിക്കുന്നത്. രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ രാഹുൽ തനിക്ക് വേണ്ടിയാണ് വോട്ട് ചോദിച്ച് എത്തുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വർഷവും താൻ രാഹുൽ ഗാന്ധിയുടെ മുന്നണിയിൽ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ചാണ് പ്രവർത്തിച്ചത്. കോട്ടയത്ത് നിന്ന് ജയിച്ച് എംപിയായാലും രാഹുലിന്റെ നേതൃത്വം അംഗീകരിച്ച് ഇന്ത്യ മുന്നണിയിൽ പ്രവർത്തിക്കും എന്നാൽ നേരത്തെ തോമസ് ചാഴികാടൻ പ്രഖ്യാപിച്ചത്. ഇതോടെയാണ് ഇപ്പോൾ കോട്ടയത്ത് ആർക്കാണ് രാഹുൽ വോട്ട് തേടിയത് എന്ന ചർച്ച സജീവമായത്. ഇതനിടെ ആന്റോ ആന്റണിയ്ക്ക് വേണ്ടി വോട്ട് തേടി രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ പ്രചാരണത്തിന് പോകാതിരുന്നതും, ആന്റോ ആന്റണി തിരുനക്കരയിൽ പ്രചാരണ വേദിയിൽ എത്താതിരുന്നതും ചർച്ചയായി മാറിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ മത്സരിക്കുന്നതിനാലാണ് രാഹുൽ പത്തനംതിട്ടയിൽ പോകാതിരുന്നതെന്ന ആരോപണമാണ് ഇടത് ക്യാമ്പ് ഇപ്പോൾ ഉയർത്തി വിടുന്നത്.