കോട്ടയം : വേണാട് ഷൊർണുരിൽ നിന്ന് ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രൊപോസൽ റെയിൽവേയുടെ മുന്നിലുണ്ട്. നിലമ്പൂരിലേയ്‌ക്കും പാലക്കാടേയ്ക്കും കോഴിക്കോടേയ്ക്കും നീട്ടണമെന്ന ആവശ്യങ്ങളുണ്ട്. നിലവിലെ സമയക്രമത്തെ ബാധിക്കുന്ന വിധം ദീർഘിപ്പിക്കുന്നത് ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കുമെന്ന കാര്യത്തിൽ റെയിൽവേയ്ക്കും സംശയമില്ലാത്ത കാര്യമാണ്.
സിംഗിൾ ലൈനിൽ അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാതെ വേണാട് നിലമ്പൂർക്ക് നീട്ടുന്നതിനോട് പാലക്കാട് ഡിവിഷൻ പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കോഴിക്കോടേയ്‌ക്ക് ദീർഘിപ്പിച്ചാൽ സമയം പാലിക്കാൻ അഡീഷണൽ റേക്ക് കണ്ടെത്തേണ്ടി വരും. 22 കോച്ചുകളുള്ള വേണാട് എക്സ്പ്രസ്സ് ഒറ്റ സ്റ്റോപ്പുമായി നിലമ്പൂരിലേയ്ക്ക് ദീർഘിപ്പിക്കുന്നത് കൊണ്ട് വരുമാനത്തിൽ പോലും കാര്യമായ നേട്ടമില്ലെന്നതും റെയിൽവേ അധികൃതർ പോലും ശരിവെയ്ക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകുന്നേരം എറണാകുളം ടൗണിലെത്തുമ്പോൾ തന്നെ വേണാടിലെ കോച്ചുകൾ തിങ്ങി നിറഞ്ഞ അവസ്ഥയിലാണ്. അപകടകരമായ വിധം ചവിട്ടുപടിയിലും ഡോറിലും തൂങ്ങിക്കിടന്നാണ് തൃപ്പൂണിത്തുറ മുതലുള്ള വേണാടിലെ പ്രതിദിന യാത്രകളെന്ന് ലെനിൻ കൈലാസ് അഭിപ്രായപ്പെട്ടു. ഇതിനെല്ലാം പരിഹാരം കണ്ടെത്തിയ ശേഷം മാത്രമേ എക്സ്റ്റൻഷനെ സ്വാഗതം ചെയ്യാൻ സാധിക്കുകയുള്ളുവെന്നും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുതിയ ഇന്റർസിറ്റി പരിഗണിച്ച ശേഷം സർവീസ് ദീർഘിപ്പിക്കുന്നതിന് എതിർപ്പ് ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെയും വൈകിട്ടും വേണാടിനെ ആശ്രയിക്കുന്നവരുടെ വലിയ കൂട്ടം തന്നെയുണ്ട്. വേണാടിന് മാത്രമായി പ്രത്യേകം വാട്സ്ആപ്പ് കൂട്ടായ്മകളുണ്ട്. 52 വർഷത്തിലേറെ തിരുവനന്തപുരം – എറണാകുളം പാതയിൽ സീസൺ യാത്രക്കാർക്കിടയിലെ പ്രീമിയം സർവീസാണ് വേണാട്. ഡിവിഷനും അതേ പരിഗണന നൽകാറുണ്ട്. ഇന്ത്യൻ റെയിൽവേ എൽ എച്ച് ബി കൊച്ചുകൾ അവതരിപ്പിച്ചപ്പോളും ആ പരിഗണന വേണാടിന് നൽകിയിരുന്നു. വന്ദേഭാരതിന്റെ ഷെഡ്യൂൾ നൽകിയപ്പോഴും വേണാടിന് അർഹമായ സ്ഥാനം നൽകിയിരുന്നു. ഇരു ദിശയിലേയ്ക്കും വന്ദേഭാരതിന് വേണ്ടി വേണാട് പിടിച്ചിടേണ്ട സാഹചര്യം റെയിൽവേ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. വൈകുന്നേരം അരമണിക്കൂറിലധികം വേണാട് വൈകി പുറപ്പെടേണ്ടി വന്നാൽ വന്ദേഭാരതിന് വേണ്ടി പിടിച്ചിടേണ്ട സാഹചര്യം വരും. അത് വലിയ പ്രതിഷേധത്തിലേക്ക് നയിക്കും. യാത്രക്കാരുടെ പ്രതിഷേധത്തെ അതിജീവിച്ച് ഒരു എക്സ്റ്റൻഷന് റെയിൽവേ മുതിരില്ല. ഡിവിഷൻ ജീവനക്കാരുടെയും പ്രെസ്റ്റീജ് ട്രെയിനാണ് വേണാട്.
നിലവിലെ സമയക്രമത്തിൽ മാറ്റം വരുത്തിക്കൊണ്ട് ഇനി ഒരു പരിഷ്കാരത്തിനും യാത്രക്കാർ വഴങ്ങില്ലെന്ന് യദു കൃഷ്ണൻ പ്രതികരിച്ചു. പാലരുവിയുടെ നിലവിലെ ഷെഡ്യൂൾ തന്നെ ഇപ്പോൾ തലവേദനയായി മാറിയിരിക്കുകയാണ്. വേണാടിന്റെ സമയമാറ്റത്തോട് യാത്രക്കാർ ഒരിക്കലും മൃദുസമീപനമായിരിക്കില്ല സ്വീകരിക്കുക. വേണാട് ഒരു വികാരമാണ്, കേരളം കണ്ട ഏറ്റവും വലിയ റെയിൽ പ്രക്ഷോഭത്തിന് അന്ന് എറണാകുളം ടൗൺ സ്റ്റേഷൻ സാക്ഷിയാകും.
വൈകുന്നേരത്തെ സമയത്തെ ബാധിക്കാതിരിക്കാൻ പുലർച്ചെ നേരത്തെ പുറപ്പെടുന്ന വിധം ക്രമീകരിക്കാനും ശുപാർശകളുണ്ട്. അപ്രകാരം പുറപ്പെടുന്ന പക്ഷം അരമണിക്കൂർ വന്ദേഭാരതിന് വേണ്ടി വീണ്ടും വഴിയിൽ കിടക്കേണ്ടി വരും. നിലവിലെ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന വിധം അടിമുടി മാറ്റം വരുത്തിക്കൊണ്ട് ദീർഘിപ്പിക്കുന്നതിനേക്കാൾ പുതിയ സർവീസ് ആവശ്യപ്പെടുകയോ വേണാടിന്റെ സമയത്ത് ഷൊർണൂരിൽ എത്തുന്ന വിധം കണക്ഷൻ ട്രെയിൻ ചോദിക്കുകയോ ചെയ്യുന്നതിന് പകരം ദീർഘിപ്പിക്കണമെന്ന് വാശിപിടിക്കുന്നത് ഉചിതമല്ലെന്ന് യാത്രക്കാർ ഒന്നടങ്കം പ്രതികരിച്ചു
വൈകുന്നേരം തൃപ്പൂണിത്തുറ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ വേണാട് നീങ്ങുമ്പോൾ നിലവിളി ശബ്ദമുയരാറുണ്ട്. വാതിൽപ്പടിയിൽ തൂങ്ങികിടക്കുന്നവരെ ചേർത്ത് പിടിച്ചാണ് പിന്നീടുള്ള ഓരോ സ്റ്റേഷനും വേണാട് പിന്നിടുന്നത്. ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. മാക്സിമം കോച്ചുകളുമായാണ് വേണാട് സർവീസ് നടത്തുന്നത്. അതുകൊണ്ട് സർവീസ് ദീർഘിപ്പിക്കുമ്പോളുണ്ടാകുന്ന തിരക്ക് കൂടി താങ്ങാൻ സാധിക്കില്ല. പുതിയ സർവീസുകളാണ് ആവശ്യം, നിലവിൽ എക്സ്റ്റൻഷൻ ഒന്നിനും പരിഹാരമല്ലെന്ന് ആതിര അനിൽ പ്രതികരിച്ചു. പുതിയ സർവീസ് അനുവദിക്കാതെ സാധ്യതകൾ പരിശോധിക്കുന്നതിൽ തന്നെ അമർഷം രേഖപ്പെടുത്തുന്നതായും ഈ നീക്കത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും വനിതകളൊന്നടങ്കം പ്രതിഷേധത്തിനൊപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു.
വേണാടിലെ യാത്രക്കാർക്ക് പ്രതികൂലമായി ബാധിക്കുന്ന വിഷയത്തിൽ ഒരു അസോസിയേഷനും അനുകൂലമായി നിലകൊള്ളില്ല. പ്രാദേശിക നേട്ടങ്ങൾക്ക് വേണ്ടി അര പതിറ്റാണ്ടിന്റെ സർവീസ് പാരമ്പര്യമുള്ള വേണാടിലെ യാത്രക്കാരെ ബലിയാടാക്കുന്നതിനോട് ശക്തമായ വിയോജിപ്പ് എല്ലാ മേഖലയിൽ നിന്നും ഉയരുന്നുണ്ട്. സർവീസ് ദീർഘിപ്പിക്കുന്നത് മൂലമുള്ള പ്രതിസന്ധികൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് വേണാട് യാത്രക്കാരുടെ പ്രാഥമികനീക്കം. ആദ്യ ഘട്ടത്തിൽ വ്യക്തിഗതമായി മെയിൽ മുഖേന റെയിൽവേ മന്ത്രിയ്‌ക്ക് പരാതി സമർപ്പിക്കുന്നുണ്ട്.