കുറവിലങ്ങാട്: കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളുടെ ഗുണനിലവാരം മൂല്യനിർണയം ചെയ്യുന്ന കെഐആർഎഫ് റാങ്കിങ്ങിൽ കുറവിലങ്ങാട് ദേവമാതാ കോളേജ് മുപ്പത്തിരണ്ടാം സ്ഥാനം നേടി. കോട്ടയം ജില്ലയിലെ ഓട്ടോണമസല്ലാത്ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഏറ്റവും ഉയർന്ന റാങ്ക് ലഭിച്ചിരിക്കുന്നത് ദേവമാതായ്ക്കാണ്. പാലാ രൂപതയുടെ കീഴിലുള്ള കോളേജുകളിൽ ദേവമാതയ്ക്കാണ് ഒന്നാം സ്ഥാനം. ദേശീയ ഏജൻസിയായ നാക് നടത്തിയ ഗുണനിലവാര പരിശോധനയിൽ 3.67 പോയിന്റോടെ പരമോന്നത ബഹുമതിയായ എ പ്ലസ് പ്ലസ് ഗ്രേഡ് ദേവമാതാ കഴിഞ്ഞവർഷം നേടുകയുണ്ടായി.
നാക് വിലയിരുത്തലിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച കോളേജ് കുറവിലങ്ങാട് ദേവമാതാ യാണ്. ദേശീയ ഏജൻസിയായ എൻ.ഐ.ആർ.എഫ്. നടത്തിയ വിലയിരുത്തലിലും ദേവമാതാ മികച്ച സ്ഥാനം കൈവരിച്ചിരുന്നു. നാകി ന്റെയും എൻഐആർഎഫ് ന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ഡോ. ടീന സെബാസ്റ്റ്യൻ ആണ് കെ ഐ ആർ എഫ് കോഡിനേറ്റർ ആയും പ്രവർത്തിച്ചത്. പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനമാണ് ദേവമാതായെ ഈ അതുല്യ മികവിലേക്ക് എത്തിച്ചത്. കോളേജ് മാനേജർ ആർച്ച് പ്രീസ്ററ് വെരി റവ. ഫാ. അഗസ്റ്റിൻ കൂട്ടിയാനിയിൽ ദേവമാതയിലെ അക്കാദമിക് സമൂഹത്തെ അഭിനന്ദിച്ചു.