രാമപുരം : എസ്. എച്ച്. എൽ. പി. സ്കൂളിൽ വേറിട്ട അധ്യാപക ദിനാചരണം നടത്തി. 1952 -1955 കാലഘട്ടത്തിൽ ഈ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച രാമപുരം കൂടത്തിനാൽ പി. എം. അന്നമ്മ ടീച്ചറിനെ സ്കൂളിലെ മുതിർന്ന കുട്ടികളും, അധ്യാപകരുംവീട്ടിൽ ചെന്ന് ആദരിക്കുകയുണ്ടായി. ഹെഡ്മിസ്ട്രെസ് സി. ആനി സിറിയക് പൂച്ചെണ്ട് നൽകിയും പി ടി എ ഭാരവാഹികൾ പൊന്നാട അണിയിച്ചും അന്നമ്മ ടീച്ചറിനെ ആദരിച്ചു. കുട്ടികൾ ടീച്ചറിന്റെ കാൽ തൊട്ട് വന്ദിച്ചു അനുഗ്രഹം വാങ്ങുകയും ടീച്ചർ എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയുകയും ചെയ്തു. മൂന്നര പതിറ്റാണ്ടിന്റെ അധ്യാപക പാരമ്പര്യമുള്ള 92 വയസുള്ള അന്നമ്മ ടീച്ചറിന്റെ വാക്കുകൾ ശ്രവിക്കാനും ടീച്ചറിനെ ആദരിക്കാനും കഴിഞ്ഞത് ഈ സ്കൂളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും വേറിട്ട ഒരു അനുഭവമായി. ഹെഡ്മിസ്ട്രെസ്സിനും അധ്യാപകർക്കുമൊപ്പം , പി ടി എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ, എം പി ടി എ പ്രസിഡന്റ് ഡോണ ജോളി ജേക്കബ് എന്നിവരും കുട്ടികളോടൊപ്പം ടീച്ചറിനെ ആദരിക്കാൻ സന്നിഹിതരായിരുന്നു.
സ്കൂൾ ലീഡർ കുമാരി ഗൗതമി ഹരീഷ്, ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ ഈ സ്കൂളിലെ അദ്ധ്യാപികയുമായ ശ്രീമതി. ഷെറിൻ റാണി മാത്യു എന്നിവരും വേറിട്ട ഈ ഗുരു വന്ദനത്തിന്റെ അനുഭവങ്ങൾ പങ്കു വച്ചു. 1949 ഇൽ പാലാ സെന്റ്. മേരീസ് സ്കൂളിൽ നിന്നും എസ് എസ് എൽ സി ആദ്യ ബാച്ച് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ ഏക വിദ്യാർത്ഥിയായ അന്നമ്മ ടീച്ചർ തന്റെ എസ് എസ് എൽ സി ബുക്കും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. ടീച്ചറിനോടൊപ്പം കുടുംബംഗങ്ങളാ യ ജോസഫ് ജോൺ, ബീന ജോൺ, ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ സോനു ജോസ് എന്നിവരും സന്നിഹിതരായിരുന്നു. അധ്യാപക ദിനത്തിന്റെ മംഗളങ്ങൾ ആശംസിച്ചും ടീച്ചറിന് നന്ദി അർപ്പിച്ചും കുട്ടികൾ പടിയിറങ്ങിയപ്പോൾ ഒരിക്കലും മറക്കാനാവാത്ത ഗുരുപൂജയായി അത് മാറി.