രാമപുരം: കോട്ടയം ജില്ലയിലെ രാമപുരത്തെ നാലമ്പലങ്ങളിൽ ഇന്നലെ നിയന്ത്രണാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. വെളുപ്പിന് 5 ന് നടതുറക്കുമ്പോൾ തന്നെ നടപ്പന്തൽ നിറഞ്ഞ് ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രങ്ങളിലേയ്ക്ക് ഒഴുകിയെത്തിയത്.
ഒൻപത് മണിയോടുകൂടി കൂടപ്പുലം റോഡിൽ പുൽപ്രമുക്ക് വരെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളുടെ വലിയ ക്യൂ നീണ്ടു. പോലീസ് അതുവഴി വന്ന വാഹനങ്ങൾ ആർ. രാമസ്വാമി പരമേശ്വർ റോഡിലൂടെ തിരിച്ച് വിട്ടതിനാൽ വലിയതോതിലുള്ള ഗതാഗത തടസം റോഡിൽ ഉണ്ടായില്ല. നാല് ക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെ വലിയ തിരക്കിലും വോളന്റിയേഴ്സിന്റെ സംയോജിതമായ ഇടപെടീൽ മൂലം എല്ലാവർക്കും സുഗമമായി ദർശനം നടത്തുവാൻ സാധിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും, മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തിയാണ് ഭക്തജനങ്ങൾ മടങ്ങിയത്. സേവാ ഭാരതിയുടെ നേതൃത്വത്തിൽ നാല് ക്ഷേത്രങ്ങളിലും ഔഷധ വെള്ളം വിതരണവും നടന്നു.
ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സാഹയവും നൽകുവാൻ പ്രസിഡന്റ് എം.പി. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സേവ ഭാരതി പ്രവർത്തകർ നാല് ക്ഷേത്രങ്ങളിലും സന്നിഹിതരായിരുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിൽ രാവിലെ മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 1000 കിലോ അരിയും, 350 കിലോ പയറും, എൺപത് കിലോ അച്ചാറും ഇന്നലെ മാത്രമായി അന്നദാനത്തിന് വേണ്ടിവന്നു. പുലിയന്നൂർ എളംപിതാക്കാട് ഇല്ലം ഹണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പത്തോളം പാചക വിദഗ്ദ്ധരാണ് ഭക്തജനങ്ങൾക്ക് ആവശ്യമായ അന്നദാന ഭക്ഷണം തയ്യാറാക്കിയത്. എത്ര തിരക്കുണ്ടായാലും എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം നൽകുമെന്ന് ക്ഷേത്രം മാനേജർ രഘുനാഥ് കുന്നൂർമന പറഞ്ഞു.