തിരുവനന്തപുരം: ആസ്ഥാനമായുള്ള ശ്രീപത്മനാഭ അന്തർദേശീയ മഹാസത്ര സമിതിയുടെ ആഭിമുഖ്യത്തിൽ,
കോട്ടയം നട്ടാശ്ശേരി സൂര്യകാലടി വിഷ്ണുമംഗലം ക്രോധവത്ത്
ശ്രീ മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ
2025 ഡിസംബർ മാസം 20 മുതൽ 30 വരെ നടത്തുവാനായി നിശ്ചയിച്ചിട്ടുള്ള
അന്തർദേശീയ ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ആലോചനായോഗം,
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
സമൂഹം ഇന്ന് നേരിടുന്ന വൻ വിപത്തുക്കളെ ഒഴിവാക്കാൻ ഭാഗവതസത്രം പോലെയുള്ള ചൈതന്യം തുളുമ്പുന്ന യജ്ഞങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് സ്വാമി ചൂണ്ടിക്കാണിച്ചു. മനുഷ്യ മനസ്സുകളെ മലീമസമാക്കുന്ന പക, വിദ്വേഷം തുടങ്ങിയ അധമ വികാരങ്ങളെ ഉന്മൂലനം ചെയ്യുവാൻ ആത്മീയതയ്ക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. സനാതനധർമ്മം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ ഇന്നത്തെ യുവതലമുറയ്ക്ക് അന്യമാകുന്നുണ്ടെങ്കിൽ ആധ്യാത്മികതയിൽ ഊന്നിയ മൂല്യബോധം അവരിൽ വളർത്തിയെടുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂര്യകാലടി മനയുമായി തനിക്കുള്ള ആത്മബന്ധം വളരെ വലുതാണെന്നും ഈ മണ്ണിൽ അടുത്ത ഭാഗവത മഹാസത്രം നടത്തുവാൻ സാധിക്കുന്നത് ഈ ദേശത്തിൻറെ പുണ്യമാണെന്നും സ്വാമി പറഞ്ഞു.
ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ, ക്ഷേത്രം മാനേജർ ഡോ. ആർ. അജയ് കുമാർ, അന്തർദേശീയ ശ്രീമദ് ഭാഗവത മഹാസത്ര സമിതിയുടെ ജനറൽ സെക്രട്ടറി ഡോ. ശ്രീവത്സൻ നമ്പൂതിരി, വാർഡ് കൗൺസിലർ ദിവ്യ സുജിത്, ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി വിനു ആർ. മോഹൻ, ശ്രീ വിദ്യാദിരാജ സ്കൂൾ പ്രിൻസിപ്പൽ കെ. സി. രാജശ്രീ തുടങ്ങിയവർ പ്രസംഗിച്ചു.
ക്ഷേത്രം മേൽശാന്തി പ്രശാന്ത് നമ്പൂതിരി, ക്ഷേത്രഭാരവാഹികൾ തുടങ്ങി നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു സദസ്സ്.