റാന്നി വനം ഡിവിഷന്റെ സമീപമുള്ള ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തില്‍ മലയോര മേഖലയിലെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വനംവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി. ജന പ്രതിനിധികളുടേയും കര്‍ഷകരുടേയും യോഗം വിളിച്ചു ചേര്‍ക്കണം. ജനവാസ മേഖലയിലെ കടുവ സാന്നിധ്യം ജനസന്ദ്രതയേറിയ സംസ്ഥാനത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കും; അതീവ ഗൗരവമായ ഈ സാഹചര്യം വിലയിരുത്തി സംസ്ഥാനതലത്തില്‍ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിക്കണം.
ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ കര്‍ഷകരും തൊഴിലാളികളും കടുത്ത ഭീതിയിലാണ്.
മലയാലപ്പുഴ കോടമലയിലെ റബ്ബര്‍ തോട്ടത്തിലിറങ്ങിയ കടുവ പോത്തിനെ കൊന്നത് കടുവ ജനവാസ മേഖലയില്‍ എത്തിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്. ജനങ്ങളുടെ ഭീതി അകറ്റാന്‍ വനംവകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കണം. ഒന്നരവര്‍ഷം മുന്‍പും സമാനമായ കടുവ ഭീക്ഷണി വടശ്ശേരിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായിരുന്നു. പേഴുംപാറ, മണിയാര്‍ ഭാഗങ്ങളില്‍ കടുവ അന്ന് പശുക്കളെ കൊന്നിരുന്നു. ജനവാസമേഖലയിലെ കടുവ സാന്നിദ്ധ്യം മുന്‍കൂട്ടിതിരിച്ചറിഞ്ഞ് ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്കി സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടികളാണ് വനംവകുപ്പില്‍ നിന്നുണ്ടാകേണ്ടത്.
റാന്നി, വടശ്ശേരിക്കര പ്രദേശങ്ങളില്‍ കടുവ ഭീക്ഷണിക്കു പുറമെ കാട്ടാനകളുടേയും കാട്ടുപോത്തുകളുടേയും കാട്ടുപന്നികളുടേയും ശല്യം കാരണം കാര്‍ഷിക മേഖല ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. വടശ്ശേരിക്കര ടൗണിന് രണ്ടുകിലോമീറ്റര്‍ അടുത്തുവരെ കാട്ടന കൂട്ടം എത്തിയത് അസാധാരണ സംഭവമായിരുന്നു. സമാനതകളില്ലാത്ത വന്യമൃഗഭീക്ഷണിയെ തുടര്‍ന്ന് മലയോര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തില്‍ മലോര നിവാസികളുടെ ജീവനും സ്വത്തിനും വനംവകുപ്പ് സംരക്ഷണം നല്കണം. കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരവും അടിയന്തിരമായി അനുവദിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.