പത്തനംതിട്ട : റാന്നി പുതുശ്ശേരിമല പള്ളിക്കമുരുപ്പ് ആനന്ദന്റെ പുരയിടത്തിൽ ഇന്ന് രാവിലെ പത്തരയോടെ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. കാട് വൃത്തിയാക്കാനെത്തിയ അയൽക്കൂട്ടത്തിലെ സ്ത്രീകളാണ് ആദ്യം കണ്ടത്. അവർ പോലീസ് സ്റ്റേഷനിൽ അറിയിച്ചത് പ്രകാരം റാന്നി പോലീസ് സ്ഥലത്തെത്തി. ശാസ്ത്രീയ അന്വേഷണവിഭാഗവും മറ്റും തെളിവുകൾ ശേഖരിച്ചു. പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു. അസ്ഥികൂടം, ജൂലൈ 6 ന് കാണാതായ വടശ്ശേരിക്കര പള്ളിക്കമുരുപ്പ് കിഴക്കേചരുവിൽ സുധാകര(61)ന്റേതാണെന്ന് സമീപത്തു കാണപ്പെട്ട വസ്ത്രാവശിഷ്ടങ്ങളും, നോക്കിയ കമ്പനിയുടെ മൊബൈൽ ഫോണും ആശുപത്രിരേഖയും, ചെരുപ്പും, കുടയും മറ്റും കണ്ട ബന്ധുക്കൾ പറഞ്ഞു. അരികിലായി കവറിൽ രണ്ട് ഷർട്ടുകൾ, കാവിനിറമുള്ള കൈലി, വെട്ടുകത്തി എന്നിവയും കണ്ടെത്തി. ഇവ സുധാകരൻ സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്ന് സ്ഥലത്തുവന്ന രണ്ട് പെണ്മക്കളും നാട്ടുകാരും പറഞ്ഞു. ഇയാളെ കാണാനില്ലെന്ന വിവരത്തിന് മകളുടെ ഭർത്താവ് അനിൽകുമാറിന്റെ മൊഴിവാങ്ങി റാന്നി പോലീസ് ജൂലൈ ഏഴിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആറിന് രാവിലെ 8 മണിക്ക് ഇടക്കുളത്ത് പണിയുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. ഇയാളെ കണ്ടെത്തുന്നതിന് റാന്നി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കാണാതായ സുധാകരന്റെ അസ്ഥികൂടമാണോ ഇതെന്ന് കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കാൻ തിരുവനന്തപുരം ഫോറൻസിക് ലാബിൽ ഡി എൻ എ പരിശോധനക്ക് അയക്കും. അസ്ഥികൂടം ഇൻക്വസ്റ്റിന് ശേഷം, പോസ്റ്റ്മോർട്ടം പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.