വീട്ടുമുറ്റത്ത് കടപ്പാക്കല്ല് പാകുന്നതിന് പണം വാങ്ങി തട്ടിപ്പ് : ഇരട്ടക്കൊലപ്പാതക കേസിലെ പ്രതി കുടുങ്ങി

റാന്നി : വീട്ടുമുറ്റത്ത് കടപ്പാക്കല്ല് പാകുന്നതിന് പണം വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി. തൃശൂർ മുകുന്ദപുരം കൊടകര കാവുംതറ കളപ്പുരയ്ക്കൽ കൃഷ്ണൻ ആചാരിയുടെ മകൻ ശിവദാസൻ കെ കെ (44) ആണ് റാന്നി പോലീസിന്റെ വലയിലായത്. ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ. റാന്നി പഴവങ്ങാടി ചെല്ലക്കാട് തേരിട്ടമട കുളമടയിൽ ചെറിയാനിക്കുഴിയിൽ രാജൻ എബ്രഹാം (62) എന്നയാളുടെ പരാതി പ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. രാജന്റെയും സുഹൃത്ത്‌ ടൈറ്റസ് മാത്യുവിന്റെയും കയ്യിൽ നിന്നും ആകെ മൂന്നുലക്ഷത്തി പതിനായിരം രൂപ വീടിന്റെ മുറ്റം കടപ്പാക്കല്ല് പാകാമെന്നു വാക്കുകൊടുത്തു വാങ്ങിയ ശേഷം, പണി പൂർത്തിയാക്കിയില്ല എന്നതാണ് പരാതി. കഴിഞ്ഞവർഷം ഡിസംബർ 31 ന് രാജന്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപയും, ഈവർഷം ഫെബ്രുവരി 27 ന് 210000 രൂപ പണമായും, സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ 2022 ഫെബ്രുവരി മൂന്നിന് ഒരു ലക്ഷം രൂപയും കൈപ്പറ്റിയ പ്രതി പണി പൂർത്തിയാക്കാതെ മുങ്ങുകയായിരുന്നു. ജൂൺ ഒന്നിന് റാന്നി പോലീസിൽ മൊഴി നൽകിയതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്ത്, പ്രതിയ്ക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന്, പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇന്നലെ കൊടകരയിൽ നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തശേഷം രാത്രി അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ പണം വാങ്ങി പണി ചെയ്യാതെ തട്ടിപ്പ് നടത്തിയതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കൂട്ടത്തിൽ, 2017 ൽ നടത്തിയ ഇരട്ടക്കൊലപാതകത്തെപ്പറ്റിയും വെളിപ്പെടുത്തി. ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ചു കൊന്നതിനു എറണാകുളം കുറുപ്പം പടി പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. രണ്ടുമക്കളുമൊത്ത് കൊടകരയിൽ താമസിച്ചുവരികയാണ് ഇയാൾ. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത്, കടപ്പാക്കല്ല് പാകുന്ന പണി കോൺട്രാക്ട് എടുത്ത് നടത്തുമെന്ന് നോട്ടീസ് പരസ്യം ചെയ്തുവന്ന ഇയാൾ റാന്നിയിൽ ഒരു പള്ളിയിൽ ഇത്തരത്തിൽ പണി ചെയ്ത് വിശ്വാസ്യത നേടിയിരുന്നു. ഒരുപാട് പേർ ഇയാളുടെ തട്ടിപ്പിന് ഇരയായതായി പറയപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പോലീസിന് നിർദേശം നൽകി. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെക്കൂടാതെ എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനൻ, സി പി ഓമാരായ ലിജു എൽ ടി, അജാസ് മോൻ, ബിജു മാത്യു എന്നിവരാണ് ഉള്ളത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.