തൃശ്ശൂർ: സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറിന് സസ്പെൻഷൻ. അതിരപ്പിള്ളി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ എം.വി വിനയരാജിനെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്.
ഇതേ സ്റ്റേഷനിലെ തന്നെ ജീവനക്കാരിയുടെ പരാതിയിന്മേൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 21-നാണ് കേസിനാസ്പദമായ സംഭവമുണ്ടായതായി പരാതിയിൽ പറയുന്നത്. സ്റ്റേഷനിൽ വെച്ച് വിനയരാജ് പീഡിപ്പിക്കാൻ ശ്രമിച്ചതായി നൽകിയ പരാതിയിൽ കഴിഞ്ഞ ചൊവ്വാഴ്ച മാത്രമാണ് പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായും ആരോപണം നിലനിൽക്കുന്നുണ്ട്. പരാതിക്കാരി പീഡനപരാതിയിൽ ഉറച്ച് നിന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതി ഒളിവിൽ പോയതായാണ് അതിരപ്പള്ളി പൊലീസ് അറിയിക്കുന്നത്. ഓഫീസിലും ഹാജരായിട്ടില്ല. ഇയാൾ മുൻകൂർ ജാമ്യം അനുവദിച്ച് കിട്ടാനുള്ള ശ്രമത്തിലാണെന്നാണ് സൂചന.