ചിന്തയുടെ വാഴക്കുലയിൽ സംഭവിച്ചതെന്ത്..! ഗവേഷണ പ്രബന്ധത്തിലെ പിഴവിനെപ്പറ്റി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇങ്ങനെ; എംഎ ലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ

ചിന്താ ജെറോമിന്റെ (Dr. Chintha Jerome) Ph. D പ്രബന്ധത്തിൽ ഗുരുതര പിഴവെന്നു ചൂണ്ടിക്കാട്ടി വരുന്ന വാർത്ത കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയതാണ്.

ചങ്ങമ്പുഴയുടെ ‘വാഴക്കുല’ക്ക് പകരം വൈലോപ്പിള്ളിയുടെ ‘വാഴക്കുല’ എന്ന് ടൈപ്പ് ചെയ്തിരിക്കുന്നു എന്നാണ് കണ്ടെത്തൽ. ഒരുപക്ഷേ കുറച്ചു കൂടി ഗൗരവതരമായി നിരീക്ഷിച്ചിരുന്നു എങ്കിൽ കൂടുതൽ തെറ്റുകൾ റിപ്പോർട്ടർക്ക് കണ്ടെത്താമായിരുന്നു. അക്ഷര തെറ്റുകളും വസ്തുതാപരമായ പിഴവുകളും ഏതൊരു പ്രബന്ധത്തിലുമെന്ന പോലെ ചിന്തയുടെ പ്രബന്ധത്തിലും ഇനിയും കണ്ടെത്താനാകും. അതിൽ പലതും മൂല്യ നിർണ്ണയം നടത്തിയവർ സർവകലാശാലക്ക് അയച്ചു കൊടുത്ത റിപ്പോർട്ടിൽ അന്നേ ചൂണ്ടിക്കാട്ടിയിട്ടുമുണ്ടാകും. അതിനു ശേഷമാണ് ദിവസങ്ങൾക്കു മുൻപേ നിശ്ചയിക്കുന്ന ഒരു തീയതിയിൽ അക്കാഡമിക് രംഗത്തെ പണ്ഡിതന്മാരും ഗവേഷകരും പൊതു സമൂഹവും അടങ്ങിയ ഒരു സമ്മേളനത്തിൽ വച്ച് മറ്റെല്ലാ ഗവേഷകരെയും പോലെ ചിന്തയും തുറന്ന പ്രതിരോധത്തിന് (ഓപ്പൺ ഡിഫെൻസ് ) വിധേയയായിട്ടുണ്ടാകുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനും മുൻപേ തന്നെ പ്രബന്ധം ‘പൊതുദർശനത്തിന്’ ലൈബ്രറിയിൽ വച്ചിട്ടുണ്ടാകും. ഓപ്പൺ ഡിഫെൻസ് സമ്മേളനത്തിൽ ആകുംവിധം വിജ്ഞാന ദാഹികൾക്ക് ചിന്തയെ ‘പൊരിക്കാൻ’ അവസരമുണ്ടായിട്ടുണ്ടാകും. അതിനെല്ലാം തൃപ്തികരമായ മറുപടി ചിന്ത നൽകിയിട്ടുണ്ടെങ്കിൽ മൂല്യ നിർണ്ണയം നടത്തിയവരുടെ പ്രതിനിധിയായി പുറമെ നിന്നും വരുന്ന പണ്ഡിതൻ ചിന്തക്ക് ഡോക്ടറേറ്റ് നൽകാൻ ശിപാർശ ചെയ്തിട്ടുണ്ടാകും. എന്നു വച്ചാൽ ചിന്ത വർഷങ്ങളോളം ഗവേഷണം ചെയ്തു സമർപ്പിച്ച പ്രബന്ധത്തിൽ ഒരു തെറ്റും ഇല്ലെന്നല്ല അതിനർത്ഥം. ഗവേഷണത്തിന് മേൽനോട്ടം വഹിച്ച അധ്യാപകൻ ആ പ്രബന്ധം മുഴുവൻ പ്രൂഫ് റീഡ് ചെയ്തു എന്നല്ല അതിനർത്ഥം. മറ്റു പ്രബന്ധങ്ങളോ പുസ്തകങ്ങളോ നോക്കി പകർത്തി വയ്ക്കാത്തവർക്ക് ധാരാളം പിഴവുകൾ സംഭവിക്കാം. അത് പരമാവധി കുറച്ചു ഒരു സ്വന്തം ഗവേഷണസൃഷ്ടി സമർപ്പിക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്. ആയതിനു വേണ്ട രീതിശാസ്ത്രം വിദ്യാർത്ഥി പാലിച്ചിട്ടുണ്ടോ എന്നു സാക്ഷ്യപ്പെടുത്തലാണ് ഗവേഷണത്തിനു മേൽനോട്ടം വഹിക്കുന്നയാൾ ചെയ്യുന്നത്.

ഒരു വിഷയത്തിൽ ഇത്രയും പ്രവർത്തനം നടത്തി ഡോക്ടറേറ്റ് നേടുന്നതോടെ ആ വിഷയത്തിൽ മുന്നോട്ടുള്ള ഗവേഷണത്തിന് അർഹത നേടുന്നു എന്നാണ് അർത്ഥം. അല്ലാതെ ഒരക്ഷരത്തെറ്റും വസ്തുതാപരമായ പിഴവും ഇല്ലാത്ത ഒരു പ്രബന്ധം ടൈപ്പ് ചെയ്തു സമർപ്പിക്കുന്നതിൽ വിജയിച്ചു എന്നല്ല. പലപ്പോഴും ഇങ്ങനെ ഡോക്ടറേറ്റ് നേടുന്നവർ തങ്ങളുടെ ഭാവി ഗവേഷണത്തിൽ തങ്ങളുടെ തന്നെ കണ്ടെത്തലുകളെ തെറ്റാണെന്ന് കണ്ടെത്തിയേക്കാം. പുതിയ കണ്ടെത്തലുകൾ ഉണ്ടായേക്കാം. Ph. D പ്രബന്ധത്തിലെ പിഴവുകൾ തിരുത്തി അവർ പുസ്തകം പബ്ലിഷ് ചെയ്‌തേക്കാം.

ചിന്താ ജെറോമിനോട് കുറച്ചു ദിവസങ്ങളായി കാണുന്ന മാധ്യമശത്രുതയുടെ പേരിൽ യൂണിവേഴ്‌സിറ്റി ഗവേഷണപ്രബന്ധങ്ങളെക്കുറിച്ചും ഗവേഷണ മേൽനോട്ടത്തെ കുറിച്ചും തെറ്റായ സന്ദേശം പതിവുപോലെ പരക്കാൻ ഇടയുള്ളതുകൊണ്ട് ഈ കുറിപ്പ് ഇവിടെ കിടക്കട്ടെ എന്ന് കരുതുന്നു. ഉന്നതവിദ്യാഭ്യാസത്തേക്കുറിച്ചും UGC സംബന്ധമായ വാർത്തകൾ സംബന്ധിച്ചും മാധ്യമങ്ങളിൽ പലപ്പോഴും ഇത്തരത്തിൽ പാതി വെന്ത വാർത്തകളാണ് വരാറുള്ളത്. മാധ്യമപ്രവർത്തകർക്ക് പലപ്പോഴും ഇതെക്കുറിച്ച് ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ ഇത്തരം വാർത്ത സൃഷ്ടിക്കാൻ സോഴ്‌സുകൾ ആകുന്നവരെങ്കിലും അല്പം ജാഗ്രത പാലിക്കുന്നത് ജനങ്ങൾക്കിടയിൽ ഇത്തരം വാർത്തകളോടുള്ള വിശ്വാസ്യത വർധിപ്പിക്കാൻ ഇടയാക്കും. അതു വഴി ഉന്നതവിദ്യാഭ്യാസത്തെ ‘സേവ്’ ചെയ്യാൻ കഴിഞ്ഞേക്കും.

(NB :- ‘വാഴക്കുല’ യുടെ രചയിതാവ് ചങ്ങമ്പുഴയല്ല, വൈലോപ്പിള്ളിയാണെന്നാണ് ചിന്തയുടെ കണ്ടെത്തൽ അഥവാ പ്രബന്ധം എന്ന രീതിയിലാണ് മാധ്യമങ്ങളുടെ അവതരണം. ഇത് നേരല്ല. ഗവേഷണബിരുദം നേടാൻ ചിന്ത സമർപ്പിച്ച പ്രബന്ധത്തിൽ ഒരിടത്ത് ഇങ്ങനെ ഒരു പിഴവ് കൂടി ഉണ്ടായിരുന്നു എന്നാണ് വാർത്തയിൽ കൊടുക്കേണ്ടത്. അത് തന്നെ ശരിക്കും വാർത്ത ആണോ എന്ന് ഇതൊക്കെ അനുവദിക്കുന്നവർ ആണ് തീരുമാനിക്കേണ്ടത് )

Hot Topics

Related Articles