മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഡ്രൈവ് ചെയ്യാൻ നല്‍കിയതിന് പിതാവ് അറസ്റ്റില്‍. കുറ്റിപ്പുറത്താണ് സംഭവം. വെങ്ങാട് തുപ്പൻതാഴത്ത് സൈതലവിയെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാട് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു സൈതലവിയും 16കാരനായ മകനും. പൊലീസ് കൈ കാണിച്ച് രേഖ പരിശോധിച്ചതോടെ മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായി. സൈതലവി കാറിലുണ്ടായിരിക്കെയായിരുന്നു പതിനാറുകാരനെക്കൊണ്ട് കാര്‍ ഓടിപ്പിച്ചത്.
ആധാര്‍ ഉള്‍പ്പടെ പരിശോധിച്ചാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചത്. ചോദ്യം ചെയ്തപ്പോള്‍ പിതാവ് അനുമതി നല്‍കിയതിനാലാണ് ഡ്രൈവ് ചെയ്തതെന്ന് കുട്ടി മൊഴി നല്‍കി. അതോടെ സൈതലവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവന് അപായം വരുത്തും എന്നുള്ള അറിവോടു കൂടി പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നല്‍കി എന്ന കുറ്റം ചുമത്തിയാണ് സൈതലവിക്കെതിരെ പൊലീസ് നടപടിയെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റ് ചെയ്ത സൈതലവിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുറ്റിപ്പുറം എസ്‌ഐ സെല്‍വകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സന്തോഷ്‌കുമാര്‍, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് വാഹന പരിശോധന നടത്തവെയാണ് സൈതലവി പൊലീസിനു മുന്നില്‍ പെട്ടത്.