സംസ്ഥാനത്ത് ഇനി മഴക്കാലമാണ്. വെള്ളക്കെട്ടും പരിസര ശുചിത്വമില്ലാത്തതുമൊക്കെ പലവിധത്തിലുള്ള പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നങ്ങളാണ് ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവുമൊക്കെ. സംസ്ഥാനത്ത് എലിപ്പനി മൂലം ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്താണ് എലിപ്പനി?ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്. എലികള്‍ക്ക് പുറമേ അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവര്‍ക്കും ഈ രോഗം ഉണ്ടാകാം. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.രോഗ ലക്ഷണങ്ങള്പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാവാം.ശരീരത്തിലെ ആന്തരാവയവങ്ങളായ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും, വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവവും ഉണ്ടാകാം.പ്രതിരോധ മാര്ഗങ്ങള്മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്ക് എന്നിവ ഉപയോഗിക്കുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.