റെസ്റ്റോറൻ്റുകളും കഫേകളും ഉപഭോക്താക്കൾക്ക് നൽകുന്ന വാട്ടർ ബോട്ടിലുകൾക്ക് അധിക ചാർജുകൾ ചുമത്തുന്നത് ഇപ്പോൾ സാധാരണമാണ്. പാക്ക് ചെയ്ത കുടിവെള്ളത്തിന് പണം ഈടാക്കുന്ന രീതികൾ വ്യാപക ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
സമാനമായ രീതിയിൽ ഭക്ഷണത്തോടൊപ്പം സൗജന്യ കുടിവെള്ളം നൽകാതിരുന്ന ഒരു റെസ്റ്റോറന്റിനെതിരെ ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് കേസെടുത്തു. ഹൈദരാബാദ് ആസ്ഥാനമായുള്ള റെസ്റ്റോറന്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉപഭോക്താവിന് നഷ്ടപരിഹാരമായി 5,000 രൂപ നൽകാനും ഉത്തരവിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ-III വിധി വന്ന് 45 ദിവസത്തിനുള്ളിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നാണ് റെസ്റ്റോറൻ്റിന് നൽകിയിരിക്കുന്ന നിർദ്ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണികൺട്രോളിൻ്റെ റിപ്പോർട്ടനുസരിച്ച്, സെക്കന്തരാബാദ് നിവാസിയായ ഉപഭോക്താവാണ് പരാതിക്കാരൻ. ഹൈദരബാദ് സിബിഐ കോളനിയിലെ ഐടിഎൽയു റെസ്റ്റോറൻ്റിനെതിരെയാണ് ഇദ്ദേഹം പരാതി നൽകിയത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ പ്ലാസ്റ്റിക് അലർജിയുള്ളതിനാൽ സാധാരണവെള്ളം അഭ്യർത്ഥിച്ചിട്ടും, ജീവനക്കാർ നിരസിച്ചതായാണ് ഇദ്ദേഹം പറയുന്നത്. കൂടാതെ റെസ്റ്റോറൻ്റിൻ്റെ സ്വന്തം ബ്രാൻഡഡ് 500 മില്ലി വാട്ടർ ബോട്ടിൽ 50 രൂപയ്ക്ക് വാങ്ങാൻ നിർബന്ധിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
റെസ്റ്റോറന്റിന്റെ ചൂഷണം അവിടം കൊണ്ടും അവസാനിച്ചില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. രണ്ട് വിഭവങ്ങൾക്കും ഒരു വാട്ടർ ബോട്ടിലിനുമായി ആകെ 630 രൂപയുടെ ബില്ലിനോടൊപ്പം വീണ്ടും 31.50 രൂപ സർവീസ് ചാർജ്ജായും വാട്ടർ ബോട്ടിലിനും സർവീസ് ചാർജിനും 5% CGST, SGST എന്നിവ ചുമത്തിയതായും ഇദ്ദേഹം പറയുന്നു. അങ്ങനെ ആകെ മൊത്തം 695 രൂപ തന്നോട് ഈടാക്കിയതായും ഇദ്ദേഹം കോടതിയെ ധരിപ്പിച്ചു.
തുടർന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ-III റെസ്റ്റോറൻ്റിനോട് സർവീസ് ചാർജും ജിഎസ്ടിയും തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു, അത് ഏകദേശം 33 രൂപ വരും. കൂടാതെ, പരാതിക്കാരനായ ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നൽകാനും 45 ദിവസത്തിനുള്ളിൽ 1,000 രൂപ വ്യവഹാര ചെലവുകൾ വഹിക്കാനും ഉത്തരവിടുകയായിരുന്നു.
ജിഎച്ച്എംസിയുടെ അധികാരത്തിന് കീഴിലുള്ള ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ഭക്ഷണശാലകൾ എന്നിവ സൗജന്യമായി ശുദ്ധീകരിച്ച വെള്ളവും എംആർപിയിൽ കുപ്പിവെള്ളവും നൽകണമെന്ന തെലങ്കാന സർക്കാരിൻ്റെ MA&UD വകുപ്പ് 2023 ഉത്തരവ് അനുസരിച്ചാണ് ഈ വിധി.