110 പേരുടെ ജീവനെടുത്ത പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട്; വിചാരണ നടപടികള്‍ക്ക് നാളെ തുടക്കം

കൊല്ലം: കൊല്ലം പരവൂർ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നു. 51 പ്രതികളും നാളെ കൊല്ലം സെഷൻസ് കോടതിയില്‍ ഹാജരാകണം. പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റുന്നതിനു മുന്നോടിയായാണ് നടപടി. 2016 ഏപ്രില്‍ പത്തിനായിരുന്നു 110 പേരുടെ ജീവനെടുത്ത മല്‍സര വെടിക്കെട്ട് നടന്നത്. മനുഷ്യ നിർമ്മിതമായ ദുരന്തത്തില്‍ 656 പേർക്കാണ് പരിക്കേറ്റത്. സ്വർണ്ണ കപ്പും ക്യാഷ് അവാർഡും കിട്ടാൻ ജില്ലാ കളക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച്‌ സംഘം തിരിഞ്ഞ് വെടിക്കെട്ട് നടത്തുകയായിരുന്നു.

Advertisements

കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സമർപ്പിച്ച 10,000 പേജുള്ള കുറ്റപത്രത്തില്‍ 59 പ്രതികളാണുള്ളത്. ഇതില്‍ എട്ടു പേർ വിചാരണ നടപടികള്‍ തുടങ്ങുന്നതിന് മുമ്ബ് മരിച്ചു. 44 പ്രതികള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ എല്ലാവരും നിലവില്‍ ജാമ്യത്തിലാണ്. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടി മുതലുകളുമുണ്ട്. അന്നത്തെ കൊല്ലം ജില്ലാ കളക്ടർ ഷൈനാമോളും ദില്ലി എയിംസിലേത് ഉള്‍പ്പെടെ മുപ്പത് ഡോക്ടർമാരും സാക്ഷിപ്പട്ടികയില്‍ ഉണ്ട്. ടി എം വർഗീസ് സ്മാരക ഓഡിറ്റോറിയം ക്യാമ്ബസിലെ പഴയ കെട്ടിടത്തിലെ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങും. ജഡ്ജിയെ ഹൈക്കോടതി തീരുമാനിക്കും.

Hot Topics

Related Articles