കോട്ടയം: കലുങ്ക് നിർമ്മാണത്തിനായി റോഡ് കുത്തിപ്പൊളിച്ചതോടെ നാഗമ്പടം അണ്ണാൻകുന്ന് റോഡ് ചെളിക്കളമായി. നാഗമ്പടത്തു നിന്നും സി.എം.എസ് കോളേജ് ഭാഗത്തേയ്ക്കും, ചുങ്കത്തേയ്ക്കും പോകുന്ന റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. മാസങ്ങൾക്കു മുൻപ് കലുങ്ക് നിർമ്മാണത്തിനായാണ് റോഡ് കുത്തിപ്പൊളിച്ചത്. തുടർന്ന്, റോഡിൽ കൂടിക്കിടക്കുന്ന മണ്ണുംകല്ലും നീക്കം ചെയ്തിരുന്നു. എന്നാൽ, ഇതിനു ശേഷം റോഡ് പൂർവസ്ഥിതിയിലാക്കി ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയിരുന്നില്ല.
ഇതേ തുടർന്നാണ് ഇപ്പോൾ ഒരൊറ്റ മഴയിൽ റോഡ് ചെളികുള്ളമായി മാറിയത്. റോഡ് പൂർണമായും ചെളിയിൽ മുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതുവഴി യാത്രക്കാർക്ക് ആർക്കും കടന്നു പോകാനാവാത്ത സാഹചര്യമാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കനത്ത മഴയുള്ളപ്പോൾ റോഡിലൂടെ കാൽ നടയാത്രക്കാർക്ക് പോലും നടന്നു പോകാനാവാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തിൽ റോഡ് ഏതാണ്ട് പൂർണമായും ചെളിയിൽ മുങ്ങിക്കിടക്കുകയാണ്.