റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ആറേബ്യൻ ഫുട്ബോൾ ക്ലബ്ബ് അൽ നാസറിൽ ചേരുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ടുവർഷത്തെ കരാറിൽ സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക് പോകുമെന്നായിരുന്നു വാർത്തകൾ. രണ്ടുസീസണിലേക്കായി 400 മില്യൺ യൂറോ (ഏതാണ്ട് 3454 കോടി രൂപ) ക്രിസ്റ്റ്യാനോയ്ക്കായി ചെലവിടുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, പിന്നാലെ അൽ നാസറിലേക്ക് പോകുന്നുവെന്ന വാർത്തകൾ സത്യമല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ വ്യക്തമാക്കിയിരുന്നു.
ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് ക്ലബ്ബിലേക്കാണ് പോകുന്നതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. സൗദി ക്ലബ്ബുമായി ധാരണയിൽ എത്തിയിട്ടില്ലെന്ന് അറിയിച്ചെങ്കിലും മറ്റൊന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് പ്രതികരണവുമായി സൗദി ക്ലബ്ബ് അൽ നാസറിന്റെ പ്രസിഡന്റ് മുസല്ലി അൽ മുമ്മാർ രംഗത്തെത്തിയത്. ആരാണ് റൊണാൾഡോ, എനിക്ക് അദ്ദേഹത്തെ അറിയില്ല എന്നാണ് അൽ മുമ്മാർ പ്രതികരിച്ചത്. ക്രിസ്റ്റ്യാനോയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകകപ്പിന് തൊട്ടുമുൻപാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരിക്കെ ക്ലബ്ബിനും പരിശീലകനുമെതിരേ റൊണാൾഡോ രംഗത്തെത്തിയത്. തുടർന്നാണ് പരസ്പര ധാരണ പ്രകാരം റൊണാൾഡോയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുണൈറ്റഡ് തീരുമാനിച്ചത്. ഇതിനിടെ ഖത്തറിൽ നിന്നും തിരികെയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുൻ ക്ലബായ റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ക്യാമ്പിൽ പരിശീലനം നടത്തിയിരുന്നു.