തണ്ണിത്തോട് (പത്തനംതിട്ട)• ഗൂഗിൾ മാപ്പ് പറ്റിച്ചു. അടൂരിനടുത്തു മണ്ണടിയിലേക്കു പോകേണ്ട ആൾ വഴി തെറ്റി 61 കിലോമീറ്റർ അകലെ തണ്ണിത്തോടിനു സമീപം കരിമാൻതോട് ഭാഗത്ത് എത്തി. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്നു മണ്ണടി സ്കൂളിനു സമീപത്തേക്ക് പോകേണ്ടിയിരുന്ന ആളാണ് ഗൂഗിൾ മാപ്പ് നോക്കി കരിമാൻതോട് മന്ദിരം ഭാഗത്ത് കാറിൽ എത്തിയത്.ഗൂഗിൾ മാപ്പിലെ ലൊക്കേഷൻ നോക്കി എത്തിയ ഒട്ടേറെപ്പേർ വഴി തെറ്റി നേരത്തേ കരിമാൻതോട് എത്തിയിട്ടുള്ളതായി ജംക്‌ഷനിൽ കട നടത്തുന്ന മനോരമ ഏജന്റ് സന്തോഷ്കുമാർ പറഞ്ഞു. തിരുവനന്തപുരത്തു നിന്നു ചിറ്റാറിലേക്ക് പോകേണ്ട കുടുംബവും എറണാകുളത്തു നിന്നു കോന്നിയിൽ കാർ നൽകാൻ എത്തിയ കാർഗോ കമ്പനിയുടെ ആളുകളും കരിമാൻതോട്ടിൽ വഴി തെറ്റിയെത്തിയിട്ടുണ്ട്. ഇവരെല്ലാം തന്നെ കരിമാൻതോട് ഗുരുമന്ദിരത്തിന് സമീപത്തെ കവലയിലാണ് എത്തിച്ചേർന്നത്.
ഏറ്റവുമൊടുവിൽ പെരുമ്പാവൂരിൽനിന്നെത്തിയ ആൾ മൊബൈൽ ടവറുമായി ബന്ധപ്പെട്ട സാധനങ്ങളുമായി മണ്ണടിയിലേക്കു യാത്ര തിരിച്ചതായിരുന്നു. കരിമാൻതോട് – തൂമ്പാക്കുളം റോഡിൽ നിന്നു തിരിഞ്ഞു കരിമാൻതോട് ഗുരുമന്ദിരത്തിനു സമീപത്തെ കവലയിലാണു മാപ്പിൽ മണ്ണടിയിലെ ലൊക്കേഷൻ കാണിച്ചത്. ഇതോടെ സംശയം തോന്നിയ ആൾ അടുത്തുള്ള പ്രധാന ജംക്‌ഷനായ കരിമാൻതോട്ടിൽ എത്തി വിവരംതിരക്കിയപ്പോഴാണു വഴിതെറ്റിയെന്നു മനസ്സിലാക്കിയത്.