തിരുവനന്തപുരം: മതപരമായ ആഘോഷങ്ങളും ഉല്‍സവങ്ങളും ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് രൂപമാറ്റവും വിദ്വേഷാധിഷ്ഠിതവുമാക്കുന്നത് ആപല്‍ക്കരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. തൃശൂര്‍ പൂരം വിവാദമാക്കിയതിനു പിന്നില്‍ സംഘപരിവാരത്തിന്റെ ഇടപെടല്‍ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യംവെക്കുന്ന തൃശൂരില്‍ കേരളത്തിന്റെ സാംസ്‌കാരികോല്‍സവമായ പൂരത്തെ പോലും വര്‍ഗീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസ് അജണ്ടയ്ക്ക് ഇടതു സര്‍ക്കാരിന്റെ ആഭ്യന്തരവും പോലീസും ഒത്താശ ചെയ്യുന്നു എന്നത് ഖേദകരമാണ്. ആദ്യം രംഗത്തില്ലാതിരുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി വിഷയം വിവാദമായപ്പോള്‍ സേവാഭാരതി ആംബുലന്‍സിലെത്തി ഷോ കാണിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. സംഘപരിവാരം രാജ്യ വികസനത്തേക്കാള്‍ മതപരവും വര്‍ഗീയവുമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ തന്നെ പൂരത്തോടനുബന്ധിച്ചുള്ള കുടമാറ്റത്തിനിടെ വില്ലു കുലയ്ക്കുന്ന ശ്രീരാമനും രാംലല്ലയും ഉയര്‍ന്നുവന്നത് യാദൃശ്ചികമാണെന്നു ധരിക്കാനാവില്ല. ഇടതുസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പോലീസും ദേവസ്വം ബോര്‍ഡും സംഘപരിവാരത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തതായാണ് വ്യക്തമാകുന്നത്. കമ്മീഷണറെ മാറ്റിയതു കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല പ്രശ്‌നം. തിരഞ്ഞെടുപ്പ് വേളയില്‍ വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമെന്നും തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു.