പമ്പ : ശബരിമല സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി രൂപവത്കരിച്ച സംയുക്ത സ്ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായി ഉത്പ്പന്നങ്ങളുടെ വിൽപ്പന എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.എൽ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംയുക്ത പരിശോധന നടത്തിയത്.ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.
കൂടുതലും ഹോട്ടലുകളിലും ഹെൽത്ത് കാർഡുള്ളവരാണ് പ്രവർത്തിക്കുന്നത്. അല്ലാത്തിടങ്ങളിൽ ഹെൽത്ത് കാർഡ് കാണിക്കുന്നതിന് രണ്ടു ദിവസം അനുവദിച്ചിട്ടുണ്ട്. ഇതിൽ പരാജയപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യവകുപ്പ്, ഭക്ഷ്യ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധന സംഘത്തിലുള്ളത്.