ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിന് ഇന്നലെ മാളികപ്പുറത്ത് നടന്ന ഗുരുതിയോടെയാണ് സമാപനമായത്. രാവിലെ നട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും.
5.15 ന് ഗണപതി ഹോമം.
ശേഷം 6 മണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ പതിനെട്ടാംപടിയിലൂടെ പന്തളത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.
തുടർന്ന് ശബരിമലയിലുള്ള പന്തളം രാജപ്രതിനിധിയും കുടുംബാംഗങ്ങളും അയ്യപ്പദർശനത്തിനായി എത്തിച്ചേരും. ഈ സമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാർക്കും തന്നെ പ്രവേശനം ഉണ്ടാവില്ല. ദർശനം പൂർത്തിയായാൽ ഉടൻ തന്നെ ഹരിവരാസനം പാടി നട അടയ്ക്കും.
തുടർന്ന് മേൽശാന്തി പതിനെട്ടുപടികൾ ഇറങ്ങി വന്ന് ശ്രീകോവിലിൻ്റെ താക്കോലും പണക്കിഴിയും രാജ പ്രതിനിധിക്ക് കൈമാറും. ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിൻ്റെ താക്കോലും മേൽശാന്തിയ്ക്കും തിരികെ നൽകും. അങ്ങനെ ഈ വർഷത്തെ തീർത്ഥാടനത്തിനും പരിസമാപ്തിയാകും.
കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകിട്ട് 5 മണിക്ക് തുറക്കും.
13 മുതൽ 17 വരെ യാണ് നട തുറന്നിരിക്കുക.
17 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും…