ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കും; കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

ശബരിമല: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജില്ലാ ഭരണകൂടവും, വിവിധ വകുപ്പുകളും നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മാര്‍ഗരേഖ പ്രത്യേകമായി തയാറാക്കാന്‍ ഉദ്ദേശിക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി വരും വര്‍ഷങ്ങളിലെ തീര്‍ഥാടനം മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനാണ്
ശ്രമം. അതിനായി ഒരു പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
ജില്ലാ കളക്ടറുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. പൂര്‍ണ നിറവോടെ ശബരിമല തീര്‍ത്ഥാടന കാലത്തിനു വഴിയൊരുക്കിയ ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!

Advertisements

20 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇക്കാലയളവില്‍ ശബരിമലയില്‍ എത്തിയത്.
തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ നടത്തിയ കാലയളവ് വളരെയധികം ആശങ്ക നിറഞ്ഞതായിരുന്നു. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ കനത്ത മഴ, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവ റോഡ് നിര്‍മാണം ഉള്‍പ്പടെയുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും, മറ്റു മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏകദേശം 200 ശതമാനം അധിക മഴയാണ് പെയ്തത്.
കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി ശബരിമല തീര്‍ത്ഥാടനം പൂര്‍ണ നിലയിലായിരുന്നില്ല എന്നതിനാല്‍ ഇക്കുറി ഒരു പ്രത്യേക വെല്ലുവിളിയായി മാറിയിരുന്നു. ദര്‍ശനത്തിന്റെ പൂര്‍ണ നിറവ് ഭക്തര്‍ക്ക് നല്‍കുക എന്നതും ഇതിനാല്‍ ഏറെ പ്രധാനമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ തീര്‍ത്ഥാടനത്തിനായി ജില്ലയിലേക്ക് ഒരു ചെറിയ കാലയളവില്‍ കടന്നു വരുമ്പോള്‍ കോവിഡ് പ്രതിസന്ധിയെ മറികടന്ന് സുരക്ഷിതമായ തീര്‍ത്ഥാടന സൗകര്യം ഒരുക്കുക എന്നതും ജില്ലാ ഭരണകൂടത്തിന് വെല്ലുവിളി തന്നെയായിരുന്നു.
കൃത്യമായ ആസൂത്രണത്തിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും സഹായത്തോടെ ജില്ലാ ഭരണകൂടത്തിന് ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിഞ്ഞത്. ആഗസ്റ്റ് മാസം മുതല്‍ ഇതിനായി വിവിധ തലത്തിലുള്ള 15 യോഗങ്ങള്‍ ചേര്‍ന്നു. ആദരണീയനായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ദേവസ്വം, റവന്യൂ, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, ഇറിഗേഷന്‍, ഭക്ഷ്യ- പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ ആദരണീയരായ മന്ത്രിമാരും ജില്ലയുടെ എംഎല്‍എമാരും നേരിട്ട് ജില്ല സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി ഞങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണയും നല്‍കി.
ഈ സവിശേഷമായ അനുഭവത്തിലൂടെ ഞാന്‍ പഠിച്ച കാര്യങ്ങളില്‍ ചിലതു ചുവടെ ചേര്‍ക്കുന്നു:
പ്രളയകാലത്ത് കൃത്യമായ പഠനങ്ങളിലൂടെ ശാസ്ത്രീയമായി ഡാം മാനേജ്‌മെന്റ് നടത്താന്‍ സാധിച്ചതിനാല്‍ പ്രളയത്തിന്റെ ആഘാതം പരിമിതപ്പെടുത്തുന്നതിനും, ഒപ്പം തീര്‍ത്ഥാടകര്‍ക്ക് പമ്പാ സ്‌നാനം ഉള്‍പ്പടെയുള്ള കര്‍മങ്ങള്‍ നിറവേറ്റാന്‍ സൗകര്യമൊരുക്കാന്‍ സാധിച്ചു.
സേഫ്റ്റി വോക്ക് നടത്തി തീര്‍ഥാടനപാതയില്‍ കുളിക്കടവുകള്‍, റോഡുകള്‍, അപടകാരികളായ വൃക്ഷങ്ങള്‍ തുടങ്ങി സുരക്ഷിതത്വ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി നേരിട്ട് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുക എന്ന രീതിയും ഇത്തവണ പരീക്ഷിച്ചു. ഇതും വളരെയധികം പ്രയോജനപ്രദമായി.
ഇതിനെ തുടര്‍ന്നു ഡിഡിഎംഎയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് മണ്ണിടിച്ചില്‍ സാധ്യതാ സോണുകള്‍ കണ്ടെത്താന്‍ ഹസാഡ് മാപ്പിംഗ് നടത്തുകയും ചെയ്തു. മലയോര സഞ്ചാര മേഖലയായ തീര്‍ത്ഥാടന പാതയില്‍ എട്ട് സോണുകളാണ് മാപ്പ് ചെയ്തു മുന്നറിയിപ്പുകള്‍ നല്‍കിയത്. ഈ ഭാഗങ്ങളില്‍ ആളുകള്‍ കൂട്ടം കൂടാതിരിക്കാനും, അപകടമുണ്ടാകാതിരിക്കാനും പ്രത്യേകം ജീവനക്കാരെ നിയോഗിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ ചുമതലയിലുള്ള ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി ഏറ്റെടുത്തതും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ്. ഇതര സംസ്ഥാനക്കാരുള്‍പ്പടെ സാധാരണയില്‍ നിന്നും രണ്ട് ഇരട്ടി ശുചീകരണ പ്രവര്‍ത്തകരെയാണ് സൊസൈറ്റി ഇക്കൊല്ലം വിന്യസിച്ചത്. മതിയായ പരിശീലനം നല്കിയാണ് ഇവരെ രംഗത്തിറക്കിയത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ വഹിച്ച പങ്ക് അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്.
പമ്പയിലെ ഞുണഞ്ഞാര്‍ താല്ക്കാലിക പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോവുകയുണ്ടായി. പമ്പ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പോകുന്ന ഏക വഴി ഈ പാലത്തിലൂടെയായിരുന്നു. 10 ദിവസം കൊണ്ട് പാലം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞതും എടുത്തു പറയേണ്ടതാണ്.
എല്ലാ തീര്‍ത്ഥാടകരും വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി വന്ന ആദ്യ തീര്‍ത്ഥാടന കാലം ആയിരുന്നു ഇത്. താമസിയാതെ തന്നെ സ്‌പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കുവാന്‍ സാധിച്ചു.
പ്രതിരോധ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.റ്റി.പി.സി.ആര്‍ ടെസ്റ്റ് റിസള്‍ട്ടോ ഹാജരാക്കണമെന്ന വ്യവസ്ഥ കര്‍ശനമായി തന്നെ പാലിക്കാന്‍ കഴിഞ്ഞു. ലക്ഷണമുള്ളവരെ പരിശോധിക്കാന്‍ പ്രത്യേക ടെസ്റ്റിംഗ് കിയോസ്‌കും തയാറാക്കിയിരുന്നു. ഈ നടപടികളെല്ലാം സുരക്ഷിത തീര്‍ത്ഥാടനത്തിന് സഹായകമായി.
തീര്‍ത്ഥാടകരും, മാധ്യമ പ്രവര്‍ത്തകരും തീര്‍ത്ഥാടനം സുഗമമാക്കാന്‍ നിരവധി നിര്‍ദേശങ്ങളാണ് മുന്‍പോട്ടു വച്ചത്. ഇവയെല്ലാം പ്രഥമ പരിഗണന നല്കി പരിഹരിക്കുന്ന സമീപനമാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചത്.
തങ്കയങ്കി ഘോഷയാത്രയും, മണ്ഡല പൂജയും, എരുമേലി പേട്ടതുള്ളലും, തിരുവാഭരണ ഘോഷയാത്രയും, മകരവിളക്ക് ഉത്സവവുമെല്ലാം ഭംഗിയായി നടത്തുവാന്‍ താല്പര്യത്തോടുകൂടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹമുള്ള കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു.
തീര്‍ത്ഥാടകരുടെ ആവശ്യാനുസരണം പടിപടിയായി പൂര്‍ണ നിറവില്‍ എത്തിക്കുവാന്‍ അനുയോജ്യമായ സന്ദര്‍ഭങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടു. പമ്പാ സ്‌നാനം, പരമ്പരാഗത പാതയിലൂടെയും, കാനനപാതയിലൂടെയും യാത്ര, നെയ്യഭിഷേകം, താമസസൗകര്യം, യാത്രാസൗകര്യം, വെര്‍ച്ച്വല്‍ ക്യൂവിനൊപ്പം സ്‌പോട്ട് രജിസ്‌ട്രേഷന്‍ തുടങ്ങി ഓരോ തീരുമാനവും ജനങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഈ വര്‍ഷം ജില്ലാ ഭരണകൂടവും, വിവിധ വകുപ്പുകളും നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മാര്‍ഗരേഖ പ്രത്യേകമായി തയാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി വരും വര്‍ഷങ്ങളിലെ തീര്‍ത്ഥാടനം മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനാകണം. അതിനായി ഒരു പ്രവര്‍ത്തന കലണ്ടര്‍ തന്നെ തയാറാക്കി മുന്‍പോട്ട് പോകും.
മാതൃകാപരമായ ഒരു തീര്‍ത്ഥാന കാലമായി ഇക്കാലയളവിനെ മാറ്റി തീര്‍ക്കാന്‍ കഴിഞ്ഞത് ഒരുപാട് ആളുകളുടെ കൂട്ടായ പ്രവര്‍ത്തനം മൂലമാണ്. ബഹു. മുഖ്യമന്ത്രിയും, ദേവസ്വം മന്ത്രിയും, ആരോഗ്യ മന്ത്രിയും ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ചുമതലക്കാരായ എല്ലാ മന്ത്രിമാരും, ജനപ്രതിനിധികളും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റും, അംഗങ്ങളും, പോലീസ് ഉള്‍പ്പെടെയുള്ള വിവിധ സേനാ വിഭാഗങ്ങളും, മാധ്യമ പ്രവര്‍ത്തകരും, വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരും, സന്നദ്ധ സംഘടനകളും തുടങ്ങി ഈ തീര്‍ത്ഥാടനം വിജയമാക്കാന്‍ കൂട്ടായി പ്രയത്‌നിച്ച മുഴുവന്‍ ആളുകളോടും ഏറെ പ്രിയപ്പെട്ട തീര്‍ത്ഥാടകര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.