ശബരിമല: വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ നട തുറന്ന് ദീപം തെളിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിടും. 15ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമില്ലെങ്കിലും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലയ്ക്കലില്‍ സ്ലോട്ട് ബുക്കിങ് ഉണ്ട്. എത്തുന്നവര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം.