കുറിച്ചി : സചിവോത്തമപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനെതിരായ സർക്കാർ അവഗണയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധത്തിന്റെ ഭാഗമായി അപകടം പുന:സൃഷ്ടിച്ച നാട്ടുകാർ പ്രതീകാത്മകമായി ആശുപത്രിയും ഉണ്ടാക്കി. ഞായറാഴ്ച രാവിലെ ഒൻപത് മണി മുതലാണ് രാപ്പകൽ സമരത്തിന്റെ ഭാഗമായി തെരുവ് നാടകവും പ്രതിഷേധവും അരങ്ങേറിയത്. സമരത്തിനിടെ നടത്തിയ തെരുവ് നാടകത്തിൽ അപകടം പുനസൃഷ്ടിക്കുകയാണ് സമരക്കാർ ചെയ്തത്. ഇതിന്റെ ഭാഗമായി അപകടം പുനർസൃഷ്ടിച്ച ശേഷം പരിക്കേറ്റ ആളെയുമായി ആശുപത്രിയിൽ എത്തുന്നത് വരെ ഇവിടെ പുനർ സൃഷ്ടിച്ചു. ആശുപത്രിയിൽ നിര്‍ത്തലാക്കിയ കിടത്തിചികിത്സ പുന:രാംരഭിക്കണമെന്നും പൊളിച്ചു കളഞ്ഞ കെട്ടിടങ്ങള്‍ പുന:ര്‍നിര്‍മ്മിക്കണമെന്നും 24 മണിക്കൂർ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആശുപത്രിപ്പടിക്കല്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ നാലു മാസങ്ങളായി ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരസമിതി സമരത്തിലാണ്. ഇതിന്‍റെ ഭാഗമായി അരലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി ആരോഗ്യവകുപ്പ് മന്ത്രിക്ക് കൈമാറാനായി തയ്യാറായി വരുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.പ്രശസ്ത സാഹിത്യകാരന്‍ ബാബു കുഴിമറ്റം സമരം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡോ. ബിനു സചിവോത്തമപുരം അധ്യക്ഷത വഹിച്ചു. കൺവീനർ എൻ.കെ ബിജു, സുനിൽ കെ. തങ്കപ്പൻ , വി. ജെ ലാലി , ജെയ്മോൻ സി.പി , ടി.എസ് സലിം , ബാലകൃഷ് പിള്ള , ശശിക്കുട്ടൻ വാകത്താനം , എം.എസ് സോമൻ , ആർ.രാജഗോപാൽ , പ്രഫ.പി.ജെ കുര്യൻ എന്നിവർ പ്രസംഗിച്ചു.