ഉമ്മയുടെ ഖബറടക്കം കഴിയും മുൻപേ വിങ്ങുന്ന ഹൃദയവുമായി സാദത്ത് പരീക്ഷയ്‌ക്കെത്തി

മഞ്ചേരി : ഉമ്മയുടെ കബറടക്കചടങ്ങുകള്‍ പൂർത്തിയാകും മുൻപേ കണ്ണീരോടെ പരീക്ഷാഹാളിലേക്ക് തിരിച്ച ശബാബിൻ സാദത്തിന്റെ വിങ്ങുന്ന ഹൃദയത്തെ അധ്യാപകർക്കോ കൂട്ടുകാർക്കോ ആശ്വസിപ്പിക്കാനായില്ല. കഴിഞ്ഞ ദിവസം വട്ടപ്പാറയില്‍ പ്രസവത്തെത്തുടർന്ന് മരിച്ച കെ.പി. രഹനയുടെ മകൻ സാദത്ത് എസ്.എസ്.എല്‍.സി. പരീക്ഷക്കെത്തിയത് ഉമ്മ നഷ്ടപ്പെട്ട തീവ്രദുഃഖത്തോടെയായിരുന്നു. തലേദിവസം പകലും രാത്രിയും അനുഭവിച്ച മനഃസംഘർഷങ്ങള്‍ക്കിടയില്‍ സാദത്ത് പാടെ തളർന്നിരുന്നു. പഠിക്കാനും കഴിഞ്ഞിരുന്നില്ല.

പരീക്ഷാ സെന്ററായ മഞ്ചേരി എച്ച്‌.എം.വൈ.എച്ച്‌.എസ്.എസില്‍ വ്യാഴാഴ്ച പത്തുമണിക്ക് ഫിസിക്സ് പരീക്ഷക്കെത്തുമ്പോള്‍ വട്ടപ്പാറ ജുമുഅത്തുപള്ളിയില്‍ 9.30-ന് ആരംഭിച്ച ഉമ്മയുടെ അന്ത്യകർമങ്ങള്‍ പൂർത്തിയായിരുന്നില്ല. പരീക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കൂടിയായ വാർഡ് കൗണ്‍സിലർ യാഷിക് മേച്ചേരിക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് സാദത്ത് പരീക്ഷാഹാളിലെത്തിയത്. അധ്യാപകരും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.

Hot Topics

Related Articles