തിരുവനന്തപുരം:ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ സംബന്ധിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി.
ഹൈക്കോടതിയിലെ ഗവര്‍ണറുടെ അഭിഭാഷകനോട് ആണ് നിയമോപദേശം ചോദിച്ചത്. മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിക്കും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്തണം എന്നായിരുന്നു സര്‍ക്കാരിന്റെ ശുപാര്‍ശ. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് സമയം ചോദിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു. സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ഭരണഘടനയെ അവഹേല്‍ച്ചെന്നു പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നു സജി ചെറിയാനെതിരെ കേസെടുത്തെങ്കിലും, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് പൊലീസ് തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സജി ചെറിയാന്‍ മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സ്ഥിരീകരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു. തീരുമാനമെടുത്തതായി ഗോവിന്ദന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എംവി ഗോവിന്ദന്‍ അറിയിച്ചു.