ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ഗണേഷ് കുമാറിന്റെ നിർദേശം; സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കി കെഎസ്ആർടിസി

തിരുവനന്തപുരം: കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്‍റെ അപകട മരണത്തിന് പിന്നാലെ കെഎസ്‌ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്നും മധുരയിലേയ്ക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിടിച്ച്‌ കോട്ടയം കളത്തിപ്പടിയില്‍ വെച്ചാണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചത്. കെഎസ്‌ആർടിസി സിഎംഡിയുടെ നിർദേശ പ്രകാരം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ബസ് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. തുടർന്നാണ് ഡ്രൈവർ ബ്രിജേഷിനെ കെഎസ്‌ആർടിസി സർവ്വീസില്‍ നിന്നും പിരിച്ചുവിട്ടത്.

കെഎസ്‌ആർടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരം സമഗ്രമായ കർമ പദ്ധതി തയ്യാറാക്കി. കെഎസ്‌ആർടിസി ചെയർമാൻ ആന്‍റ് മനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറിന്‍റെ നേതൃത്വത്തിലാണ് കർമ പദ്ധതി തയ്യാറാക്കിയത്. യൂണിറ്റ് തല ആക്സിഡന്റ് സമിതി രൂപീകരിച്ച്‌ എല്ലാ ശനിയാഴ്ചകളിലും ആക്സിഡന്റ് സംബന്ധമായ വിഷയങ്ങള്‍ വിലയിരുത്തും. യൂണിറ്റധികാരി, ഗാരേജ് തലവൻ, വെഹിക്കിള്‍ സൂപ്പർവൈസർ, ജനറല്‍ കണ്‍ട്രോളിങ്ങ് ഇൻസ്പെക്ടർ, മോട്ടോർ വാഹന വകുപ്പില്‍ നിന്നുമുള്ള ഉദ്യോഗസ്ഥൻ, സ്യൂട്ട് ക്ലാർക്ക് എന്നിവരടങ്ങുന്നതാണ് യൂണിറ്റ് തല ആക്സിഡന്‍റ് സമിതി. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച ചീഫ് ഓഫീസ് തലത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള ആക്സിഡന്റ് സമിതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരണം സംഭവിക്കുന്ന അപകടങ്ങളും വലിയ അപകടങ്ങളും ഉണ്ടാക്കുന്ന യൂണിറ്റുകളിലെ യൂണിറ്റോഫീസർ, ഗ്യാരേജ് അധികാരി, ജനറല്‍ സി ഐ എന്നിവർ നേരിട്ട് ചീഫ് ഓഫീസ് തല ആക്സിഡന്റ് സമിതിക്ക് മുൻപാകെ ഹാജരായി വിവരങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
അപകടങ്ങള്‍ ഒഴിവാക്കാൻ ചില മുൻകരുതകള്‍ അടിയന്തരമായി കൈക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ട്. കെഎസ്‌ആർടിസിയിലെ മുഴുവൻ കണ്ടക്ടർ ഡ്രൈവർ വിഭാഗങ്ങള്‍ക്കും റോഡ് സേഫ്റ്റി അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ അപകട നിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. റോഡപകടത്തിനു കാരണമാകുന്ന തരത്തിലുള്ള തകരാൻ വാഹനങ്ങള്‍ക്കുണ്ടോ എന്ന് സർവ്വീസ് തുടങ്ങുന്നതിന് മുൻപ് തന്നെ പരിശോധിച്ച്‌ ഉറപ്പാക്കുന്ന രീതി തുടരും.

ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലായൂണിറ്റുകളിലെയും മുഴുവൻ ബസുകളും സൂപ്പർ ചെക്ക് ചെയ്ത് കുറ്റമറ്റതാക്കും.ഫ്രണ്ട് ഗ്ലാസ് വിഷൻ, റിയർ വ്യൂ മിറർ, എല്ലാ ലൈറ്റുകളും ഹോണുകളും വൈപ്പറുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കും. ഡോർ ലോക്കുകള്‍ ഡോറിൻ്റെ പ്രവർത്തനം എന്നിവ പരിശോധിക്കും. ഡാഷ് ബോർഡ് ക്യാമറകള്‍ പ്രവർത്തനക്ഷമമാക്കും. ബസുകളുടെ റണ്ണിംഗ് ടൈം പരിശോധിച്ച്‌ അപാകത പരിഹരിക്കും. വേഗപരിധി ബസുകളില്‍ കൃത്യമായി ക്രമീകരിക്കും. യൂണിറ്റ് തലത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ള യൂണിറ്റ്തല ആക്സിഡന്റ് സമിതി നല്‍കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കെഎസ്‌ആർടിസി അറിയിച്ചു.

Hot Topics

Related Articles