കോട്ടയം: ഭക്ത സൂർദാസ് ജയന്തിയോട് അനുബന്ധിച്ച് ദേശിയ തലത്തിൽ ഭിന്നശേഷി സേവന മേഖലയിൽ പ്രവർത്തിക്കുന്ന സക്ഷമയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ ഭിന്നശേഷി കലാകാരന്മാർക്കായി സൂർസാഗർ_2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന കലാമേള കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂളിൽ മെയ് 2 വെള്ളിയാഴ്ച തുടക്കമാകും.
കോട്ടയം ജില്ലയിലെ ഭിന്നശേഷിക്കാരായ കലാകാരൻമാർ വിവിധ ശാരീരിക -ബൗദ്ധിക വെല്ലുവിളി വിഭാഗങ്ങളിൽ ലളിത ഗാനം, ചിത്രരചന, ഡാൻസ്, ഫാൻസി ഡ്രസ്സ് , പ്രസംഗം , മിമിക്രി തുടങ്ങി വിവിധ കലാ മൽസരങ്ങളിൽ പങ്കെടുക്കും. കോട്ടയം ജില്ലയിലെ ഭിന്നശേഷി കലാകാരൻമാരുടെ കൂട്ടായ്മയായ സക്ഷമ കലാഞ്ജലിയുടെ പിന്തുണയോടെയാണ് സൂർ സാഗർ_2025 സംഘടിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭിന്നശേഷിത്വം മൂലം നാല് ചുവരുകൾക്കുള്ളിലായിപ്പോയ അതുലുരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിയുള്ളവരെയും കലാപ്രവർത്തനത്തിലൂടെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതുമാണ് സക്ഷമ ഈ പരിപാടിയിലുടെ ലക്ഷ്യമിടുന്നത്. ഇത്തരം കലാമൽസരങ്ങളിൽ മികവ് തെളിയിച്ച കലാകാരൻമാരുടെ കൂട്ടായ്മയ്ക്ക് പരിപാടികൾ അവതരിപ്പിക്കുന്നതിനും അതുവഴി അവരേയും സ്വാവലംബികളാക്കുന്നതിനും കോട്ടയം സക്ഷമ ശ്രമിച്ചു വരുന്നു.
മെയ് 2 വെള്ളി രാവിലെ 9.30 ന് കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ സൂർസാഗർ 2025 ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം വൈസ് ചെയർമാൻ സി എൻ രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും. മൗണ്ട് കാർമൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജയിൻ എ എസ് കലാ മൽസരങ്ങൾക്ക് വിളക്ക് കൊളുത്തി നാന്ദികുറിക്കും. സക്ഷമ സംസ്ഥാന പ്രസിഡണ്ട് ഡോ. ബാലചന്ദ്രൻ മന്നത്ത്, സ്വാഗത സംഘം ജനറൽ കൺവീനർ പി ജി ഗോപാലകൃഷ്ണൻ, എം മഹേഷ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നാല് വേദികളിലായി മത്സരം നടക്കും.
സമാപന സമ്മേളനം വൈകിട്ട് 3 മണിക്ക് ബഹു പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യും. സക്ഷമ ജില്ല പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. മുൻ കേരള ചിഫ് വിപ്പ് പി സി ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ചലചിത്ര താരം ചെമ്പിൽ അശോകൻ, സുപ്രസിദ്ധ പിന്നണിഗായകൻ അമ്പിളിക്കുട്ടൻ എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും. സക്ഷമ സംസ്ഥാന സമിതിയംഗം കെ ആർ രഘുനാഥൻ, ജില്ലാ സെക്രട്ടറി സ്വപ്ന ശ്രീരാജ്, ട്രഷറർ കെ ആർ ബൈജൂ തുടങ്ങിയവർ സംസാരിക്കും.
പത്രസമ്മേളനത്തിൽ സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചർ,ജില്ലാ സെക്രട്ടറി സ്വപ്ന ശ്രീരാജ്, മീഡിയ കൺവീനർ അഡ്വ രോഹിത് ആർ, ജനറൽ കൺവീനർ പി ജി ഗോപാലകൃഷ്ണൻ, ജോയിന്റ് കൺവീനർ മഹേഷ് എം എന്നിവർ പങ്കെടുത്തു.