കോട്ടയം: കോട്ടയം സംക്രാന്തി മലപ്പുറം കുഴിമന്തി ഹോട്ടലിൽ ഭക്ഷ്യവിഷബാധയെ തുടർന്നു നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസാണ് ഹോട്ടൽ ഉടമയെ കസ്റ്റഡിയിൽ എടുത്തത്. ഹോട്ടൽ ഉടമയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. തുടർന്നു, ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക റിലീസിലൂടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ പുറത്തു വിടും.
കഴിഞ്ഞ രണ്ടിനാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സ് തിരുവാർപ്പ് സ്വദേശി രശ്മി രാജ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നു മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ രശ്മി മരിച്ചത് അണുബാധയെ തുടർന്നാണ് എന്നു കണ്ടെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു പൊലീസ് പ്രാഥമിക അന്വേഷണം നടത്തി ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നു കണ്ടെത്തിയിരുന്നു. മരിച്ച രശ്മിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേയ്ക്ക് അയച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഹോട്ടൽ ഉടയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരം.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നഴ്സ് മരിച്ചതിന് പിന്നാലെ എട്ടോളം പേർ ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടക്കം അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തി ഹോട്ടൽ ഉടമയെ കസ്റ്റഡിയിൽ എടുത്തിരുന്നത്. ഭക്ഷ്യവിഷബാധ കണ്ടെത്തുകയും, നഴ്സ് മരിക്കുകയും ചെയ്തതിനെ തുടർന്നു ഡിവൈഎഫ്ഐ ഹോട്ടൽ അടിച്ചു തകർത്തിരുന്നു.