കോട്ടയം: സഹകരണ മേഖലയ്ക്ക് കോട്ടയം ജില്ലയിൽ തന്നെ നാണക്കേടുണ്ടാക്കിയ നിക്ഷേപതട്ടിപ്പ് അരങ്ങേറിയ പനച്ചിക്കാട് എസ് സി സഹകരണ ബാങ്കിന്റെ ആസ്തികൾ ജപ്തി ചെയ്യുവാൻ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടെ ഉത്തരവ് . പന്ത്രണ്ടര ലക്ഷം രൂപ നിക്ഷേപിച്ച് മൂന്നു വർഷമായി പണം തിരികെ ലഭിക്കാത്ത പരുത്തുംപാറ സ്വദേശി ചാന്നാനിക്കാട് കുളത്തിങ്കൽ രാജൻ ലൂക്കോസ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടത് . 2024 നവംബർ ഒന്നിനകം മുതലും പലിശയുമടക്കം 15 , 50,595 രൂപ കോടതി മുൻപാകെ കെട്ടിവയ്ക്കണമെന്ന നിർദേശം ബാങ്ക് പാലിച്ചില്ല .
തുടർന്ന് ഈ തുക കെട്ടിവയ്ക്കുന്നതു വരെ ബാങ്കിന്റെ 77.5 സെന്റ് സ്ഥലവും അതിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളും ജപ്തി ചെയ്യുവാനും ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താതിരിക്കുവാനും കോടതി പുതുപ്പള്ളി സബ്‌രജിസ്ട്രാർക്കും പനച്ചിക്കാട് വില്ലേജാഫീസർക്കും നിർദേശം നൽകിയിട്ടുണ്ട് . 40 വർഷമായി സി പി എം ഭരിക്കുന്ന ഈ സഹകരണ ബാങ്കിൽ നിന്നും നൂറിലധികം പേർക്കാണ് നിക്ഷേപം തിരികെ ലഭിക്കുവാനുള്ളത് . ഹർജിക്കാരനു വേണ്ടി അഡ്വ:ആകാശ് കെ ആർ ഹാജരായി . ബാങ്കിന്റെ പ്രസിഡന്റ് എം ബാബു , ഓണററി സെക്രട്ടറി എൻ സി മോഹനൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് രാജൻ ലൂക്കോസ് ഹർജി ഫയൽ ചെയ്തത് .