ദില്ലി : കോണ്‍ഗ്രസുമായുള്ള തർക്കങ്ങള്‍ സജീവമായി തുടരുന്നതിനിടെ നേതൃത്വത്തെ വെട്ടിലാക്കിക്കൊണ്ട് മുഖ്യമന്ത്രി സർവേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച് ശശി തരൂർ എംപി. വോട്ട് വൈബ് തയ്യാറാക്കിയ സർവേ ഫലമാണ് തരൂർ പുറത്തുവിട്ടത്. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശശി തരൂരിനെയാണ് കൂടുതല്‍ പേർ പിന്തുണക്കുന്നതെന്നാണ് സർവേ റിപ്പോർട്ടില്‍ പറയുന്നത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സർവേയില്‍ പറയുന്നത്. 27 ശതമാനം പേർ, യുഎഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്.
24 ശതമാനം പേർ എല്‍ഡിഎഫിൻ്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താല്പര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേർ എല്‍ഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് തരൂരിൻ്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.