തലയോലപറമ്പ് : മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ പ്ലാവ് ഉപയോഗിച്ച് മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീടു പണിത സംഭവം വിവാദമായതോടെ ഏരിയ കമ്മറ്റി അംഗം കൂടിയായ വൈസ് പ്രസിഡന്റിനെ ലോക്കൽ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി . ഒരു വർഷം മുമ്പ് മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കുളിന് മുന്നിൽ നിന്നമരംനടപടി ക്രമങ്ങൾ പൂർത്തിയാക്കാതെ വിലയ്ക്ക് വാങ്ങിയ സംഭവത്തിലാണ് ഏരിയ കമ്മറ്റി അംഗമായ വി.ടി പ്രതാപനെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.
പ്ലാവ് ലേലത്തിൽ പിടിച്ച ആളിൽ നിന്നാണ് പ്രതാപൻ വിലയ്ക്ക് വാങ്ങിയത്. ഗവൺമെന്റ് യുപി സ്കൂൾ മറവൻതുരുത്ത് പഞ്ചായത്തിന്റ അധികാര പരിധിയിൽ വരുന്നതിനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റ നടപടി പാർട്ടിയേയും കുരുക്കിലാക്കി. സർക്കാർ സ്കൂളിലെ തടി വെട്ടിലേലം ചെയ്യുന്നതിലെ നടപടിക്രമങ്ങൾ പൂർണമായി പാലിക്കാത്തതിനാൽ സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തി. ലേലത്തിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നതിനായി അറിയിപ്പ് നൽകിയില്ലെന്നും ആക്ഷേപമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരം വിറ്റതിനെ തുടർന്ന് ലഭിച്ച തുക ട്രഷറിയിൽ നിക്ഷേപിക്കണമെന്നിരിക്കെ പിടി എ ഫണ്ടിലേക്ക് മാറ്റിയതും സ്കൂൾ അധികൃതർക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണെന്ന് ആരോപണമുണ്ട്. സംഭവം വിവാദമായതോടെ പാർട്ടി അന്വേഷണം നടത്തി. ലേലത്തിന്റ നടപടിക്രമങ്ങൾ പാലിക്കാത്തതും പണം ട്രഷറിയിൽ അടക്കാത്തതും ഗുരുതര വീഴ്ചയായി പാർട്ടിയും കണ്ടെത്തി. ഏരിയ കമ്മറ്റി അംഗം പൊതുപ്രവർത്തകൻ പാലിക്കേണ്ട ജാഗ്രത കാട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി.ടി പ്രതാപനെ തരംതാഴ്ത്തിയത്.
അതേസമയം പാർട്ടിതല നടപടിയിൽ ഒതുക്കാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വി.ടി പ്രതാപനെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നിട്ടുണ്ട്. ഒരു സീറ്റിന്റ മേൽ കൈയിലാണ് മറവൻതുരുത്തിലെ സിപിഎം ഭരണം. സ്കൂളിലെ പ്ലാവ് നടപടിക്രമങ്ങൾ പാലിക്കാതെ വാങ്ങി സി പി എം ഏരിയ കമ്മറ്റി അംഗം വീട് നിർമ്മിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തു വരാനൊരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികൾ .