പാഠം പഠിക്കാതെ സ്‌കൂൾ അധികൃതർ; വിട്ടുവീഴ്ചയില്ലാതെ മോട്ടോർവാഹന വകുപ്പ് ; പിന്നാലെ നടപടി;തിരൂരങ്ങാടിയിലും മലപ്പുറത്തും അപാകത കണ്ടെത്തിയ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി

മലപ്പുറം: പരിശോധനകളും മുന്നറിയിപ്പുകളും കർശനമാക്കിയിട്ടും പാഠം പഠിക്കാത്ത സ്‌കൂൾ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്‍റെ കർശന നടപടി. നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെയും സ്‌കൂൾ അധികൃതർക്കെതിരെയും കൂടുതൽ നടപടികളുമായാണ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയിട്ടുള്ളത്. നിരത്തുകളിലെ പരിശോധനക്ക് പുറമെ സ്‌കൂളുകളിൽ കയറിയും പരിശോധന ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിൽ നടത്തിയ പരിശോധനകളിൽ 15 വാഹനങ്ങൾക്കെതിരെ വിവിധ അപാകതകൾക്ക് നടപടിയെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ആർ.ടി.ഒ സി വി എം ഷരീഫിന്‍റെ നിർദേശപ്രകാരം ജില്ലയിൽ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന കർശനമാക്കിയത്. വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് അധികൃതർ. അപാകത കണ്ടെത്തിയ സ്‌കൂൾ ബസിന്‍റെ വാഹന ഉടമ എന്ന നിലയിൽ പ്രധാന അധ്യാപകർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശിപാർശ ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്ത സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുകയും ചെയ്യും. 300 സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ വാതില്‍ ദ്രവിച്ചതും സ്പീഡ് ഗവർണർ എടുത്ത് കളയുകയും ചെയ്ത മലപ്പുറത്തെ ഒരു സ്‌കൂൾ വാഹനത്തിന്‍റെയും ബ്രേക്ക് ഉൾപ്പെടെയുള്ളതിൽ അപാകത കണ്ടെത്തിയ തിരൂരങ്ങാടിയിലെ ഒരു സ്‌കൂൾ വാഹനത്തിന്‍റെയും ഫിറ്റ്‌നസ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്തു.
ഫിറ്റ്‌നസ് ഇല്ലാതെ കുട്ടികളെ കൊണ്ടുപോയ രണ്ട് സ്‌കൂൾ ബസിനെതിരെയും സ്പീഡ് ഗവർണർ ഇല്ലാത്ത 13 വാഹനങ്ങൾക്കെതിരെയും പെർമിറ്റില്ലാത്ത അഞ്ച് വാഹനങ്ങൾക്കെതിരെയും ഇൻഷുറൻസ് ഇല്ലാത്ത രണ്ട് വാഹനങ്ങൾക്കെതിരെയും അടക്കം 26 സ്‌കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ ഒരു പ്രൈവറ്റ് വാഹനത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലാ ആർ.ടി.ഒ സി.വി.എം ഷരീഫിന്‍റെ നിർദേശപ്രകാരം മലപ്പുറം ആർ.ടി.ഒ ഓഫീസ്, തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ എന്നീ സബ് ഓഫീസുകളിലെയും എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. എൻഫോഴ്‌സ്‌മെന്‍റ് എം.വി.ഐ. പി.കെ മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ കെ.ആർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്ത് സ്‌കൂളുകളിലെത്തി വാഹനങ്ങൾ പരിശോധിച്ചത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.