കൊച്ചി : ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ നേഹ പബ്ലിക് സ്‌കൂളില്‍ അധ്യാപിക സഹപാഠികളെക്കൊണ്ട് മുസ്ലിം വിദ്യാര്‍ഥിയെ മര്‍ദ്ദിപ്പിച്ച സംഭവം അപലപനീയമാണെന്നും അടിയന്തര നടപടി വേണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി അഫ്ഷാന്‍ അസീസ്. സംഭവം അത്യന്തം വേദനാജനകവും നിരാശാജനകവുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏതുതരത്തിലുള്ള വിവേചനത്തെയും അക്രമത്തെയും ശക്തമായി എതിര്‍ക്കുന്നു.
ഹൃദയഭേദകമായ അതിക്രമം ഇരയെ മാത്രമല്ല, സമൂഹത്തിലുള്ള പരസ്പര വിശ്വാസത്തെയും ധാരണയെയും സൗഹൃദത്തെയും സാരമായി ബാധിക്കും. ഇത് കേവലമായ മനുഷ്യാവകാശ ലഘനത്തിനപ്പുറം അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും വിനാശകരമായ പ്രത്യാഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭയത്തിന്റെയും ഭീഷണിയുടെയും വേദികളാകുന്നതിനുപകരം സുരക്ഷിതത്വത്തിന്റെയും പഠനത്തിന്റെയും അന്തരീക്ഷം വളര്‍ത്തിയെടുക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധ്യാപികയുടെ ഉത്തരവനുസരിച്ച് ക്ലാസ് മുറിയില്‍ സഹപാഠികളുടെ മര്‍ദ്ദനത്തിനിരയായ കുട്ടിയ്ക്കുണ്ടായ മാനസികാഘാതം ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആശങ്കപ്പെടുന്നു. വിദ്യാഭ്യാസത്തോടൊപ്പം സുരക്ഷിതമായ അന്തരീക്ഷവും സൃഷ്ടിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത്തരം വൈകാരിക ആഘാതം ആത്മാഭിമാനം തകര്‍ക്കുന്നതോടൊപ്പം അക്കാദമിക വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. അധ്യാപികയുടെ ആജ്ഞാനുസരണം ഈ നീചമായ പ്രവൃത്തി ചെയ്യാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ തിരിച്ചറിയേണ്ടതും ഒരുപോലെ പ്രധാനമാണ്.
അധികാര കേന്ദ്രത്താല്‍ കുറ്റകൃത്യത്തിലേക്ക് നയിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഇളം മനസുകളില്‍ മാനസിക സമ്മര്‍ദ്ദത്തോടൊപ്പം കുറ്റബോധവും ലജ്ജയും ആശയക്കുഴപ്പവും അവരെ ഭാരപ്പെടുത്തുകയും അവരുടെ വൈകാരിക വികാസത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്യും. ഗുരുതരമായ സാമൂഹിക വിഭജനത്തിലേക്കു നയിക്കാന്‍ ഇടയാക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. വിദ്വേഷ രാഷ്ട്രീയത്തിനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണമാകും. ഹീനമായ നടപടിയിലൂടെ സമൂഹത്തിലുണ്ടായ വിഭജനവും വിദ്വേഷവും പരിഹരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. സംഭവത്തില്‍ അടയന്തരവും കര്‍ശനവുമായ നടപടികള്‍ സ്വീകരിക്കണമെന്നും അഫ്ഷാന്‍ അസീസ് ആവശ്യപ്പെട്ടു.