ലക്ഷദ്വീപിലെ ഭാഷ പരിഷ്‌കരണം:വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുന്ന ഗൂഢനീക്കത്തില്‍ നിന്ന് പിന്മാറണം- പി അബ്ദുല്‍ ഹമീദ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷ പദ്ധതി ലക്ഷദ്വീപില്‍ അടിച്ചേല്‍പ്പിക്കാനും നിലവിലുള്ള അറബി, മഹല്‍ എന്നീ ഭാഷാ പഠനം നിര്‍ത്തലാക്കാനുമുള്ള നീക്കം വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുമെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. പത്ത് ദ്വീപുകളില്‍ കേരള സിലബസ് മലയാളം മീഡിയം സ്‌കൂളുകളിലെ 70 ശതമാനം വിദ്യാര്‍ഥികളും അറബി പഠിക്കുന്നവരാണ്. അറബി, മഹല്‍ ഭാഷകള്‍ തിരഞ്ഞെടുത്ത് പഠിക്കുന്ന 3500ല്‍ അധികം വിദ്യാര്‍ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്നതാണ് പുതിയ തീരുമാനം. മിനികോയ് ദ്വീപിലെ സ്‌കൂളുകളില്‍ മഹല്‍ ഭാഷ പഠനം തടസ്സപ്പെടുന്നതോടെ നിരവധി വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലാകുന്നത്. കൂടാതെ ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്ന 50 ലധികം അധ്യാപകരുടെ തൊഴിലും അവതാളത്തിലാവും. വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കുകയാണ് ചില തല്‍പ്പര കക്ഷികളുടെ ലക്ഷ്യം. ഈ മാസം ഒന്‍പതിന് അധ്യയനം ആരംഭിക്കാനിക്കിരിക്കേ ദ്വീപിലെ വിദ്യാഭ്യാസ ഡയറക്ടര്‍ പത്മാകര്‍ റാം ത്രിപാഠിയുടെ ഭാഷ പരിഷ്‌കരണ ഉത്തരവ് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കൂടാതെ ദ്വീപ് നിവാസികള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണെന്നിരിക്കേ അവരുടെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കപ്പെടേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വം കൂടിയാണ്. ലക്ഷദ്വീപിന്റെ സംസ്‌കാരവും തനിമയും വിദ്യാഭ്യാസവും ഉള്‍പ്പെടെ സര്‍വതും തകര്‍ക്കുകയെന്നത് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ചിരകാലാഭിലാഷമാണ്. ജനങ്ങളുടെ യാത്രാ സൗകര്യം പോലും നിഷേധിച്ച് കപ്പല്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ച് ദ്വീപ് നിവാസികളെ ദുരിതക്കയത്തില്‍ തള്ളിയിട്ടിരിക്കുകയാണ് ഭരണകൂടം. ലക്ഷദ്വീപിലെ വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കുന്ന തീരുമാനത്തില്‍ നിന്ന് ഭരണകൂടം പിന്‍തിരിയണമെന്നും ദ്വീപ് നിവാസികളോടുള്ള അടിച്ചമര്‍ത്തലുകളും വിവേചനവും അവസാനിപ്പിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles