സേലം രക്തസാക്ഷിത്വ ദിനം : കിസാൻ സഭ ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി

കോട്ടയം: 75-ാം സേലം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യ കിസാൻസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.സാമ്രജ്യത്വ കോര്‍പറേറ്റ് അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളും സേലം രക്തസാക്ഷികളെ ഓര്‍മ്മപ്പെടുത്തുന്നു. രാജ്യത്ത് സിപിഐ കര്‍ഷക-തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ പ്രക്ഷോഭകാരികളെ ജയിലിലടക്കാൻ ഭരണകൂടം പദ്ധതികള്‍ ആസൂത്രണം ചെയ്തു. 1950ല്‍ സേലം ജയിലില്‍ സിപിഐ പ്രവര്‍ത്തകരെ തടവിലാക്കി. ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് അവരെ പൊലീസ് ജയിലിനുള്ളില്‍വച്ച് വെടിവെച്ച് കൊന്നത്. 22 സഖാക്കളാണ് രക്തസാക്ഷികളായത്. രാജ്യത്തെ കര്‍ഷകര്‍ ഇന്ന് സമരങ്ങളുടെ പാതയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യമാകെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സേലംരക്തസാക്ഷികള്‍ പ്രചോദനമാകുമെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വി ബി ബിനു പറഞ്ഞു.
കിസാൻസഭ ജില്ലാ പ്രസിഡന്റ് അഡ്വ. തോമസ് വി ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ എൻ ദാസപ്പൻ, ജോയിന്റ് സെക്രട്ടറി കെ കെ ചന്ദ്രബാബു, വൈസ് പ്രസിഡന്റ് അഡ്വ. സന്തോഷ് കേശവനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles