കോട്ടയം: സംസ്‌കരിക്കാൻ പ്ലാന്റുകളില്ലാത്തതിനാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതികാര നടപടിയിലും പ്രതിഷേധിച്ച് അനിശ്ചിത കാല സമരത്തിനൊരുങ്ങി സെപ്റ്റിക് ടാങ്ക് ക്ലീനിങ് ജോലി ചെയ്യുന്ന ടാങ്കർ ജോലി ഉടമകളും ജീവനക്കാരും. കേരള പ്രദേശ് സെപ്റ്റിക് ടാങ്ക് ക്ലീനേഴ്‌സ് മസ്ദൂർ സംഘ് ബിഎംഎസ് നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റിക് ടാങ്ക് ക്ലീനിങ് ജോലികളിൽ ഏർപ്പെടുത്ത ടാങ്കർ ലോറി ഉടമകളും തൊഴിലാളികലുമാണ് നാളെ നവംബർ 19 മുതൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇവർ സമരപ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ നിലവിൽ സെപ്റ്റിക് ടാങ്ക് മാലിന്യം സംസ്‌കരിക്കുന്നതിനായി പ്ലാന്റുകൾ ഇല്ല. ആലപ്പുഴയിലും എറണാകുളത്തുമായാണ് നിലവിൽ പ്ലാന്റുകൾ ഉള്ളത്. എന്നാൽ, ഈ പ്ലാന്റിലേയ്ക്ക് മാലിന്യം കൊണ്ടു പോകുന്ന വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് നടപടിയെടുക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഈ വിഷയത്തിൽ കർശനമായ നടപടിയുണ്ടാകണമെന്നും, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വന്തം നിലയിൽ പ്ലാന്റുകൾ ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ടാങ്കർ ഉടമകളും തൊഴിലാളികളും സമരം നടത്തുന്നത്.