കോട്ടയം: വിദ്യാർത്ഥി സംഘടനകളെ അടക്കം വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടന്നു പോയതിന്റെ തൊട്ടടുത്ത ദിവസം ഗവർണ്ണർക്കെതിരെ പ്രതിഷേധവുമായി എം.ജി സർവകലാശാലയിൽ എസ്.ഐ.ഐ. എം.ജി സർവകലാശാല എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സർവകലാശാല കവാടത്തിനു മുന്നിൽ ബാനർ സ്ഥാപിച്ചത്. ചാൻസലറിം കവാടത്തിന് പുറത്ത് എന്നെഴുതിയ ബാനർ സർവകലാശാലയുടെ പ്രധാന ഗേറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച എം.ജി സർവകലാശാല സംഘടിപ്പിച്ച ഡിലിറ്റ് ബിരുദ ദാന ചടങ്ങിൽ അതിഥിയായി ഗവർണർ പങ്കെടുത്തിരുന്നു. ഈ ചടങ്ങിലേയ്ക്കുള്ള യാത്രയ്ക്കിടെ സർവകലാശാല കവാടത്തിൽ എസ്.എഫ്.ഐ ഒട്ടിച്ച പോസ്റ്ററിനെ അടക്കം ഗവർണർ വിമർശിച്ചിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ ഗവർണർക്കെതിരെ എസ്.എഫ്.ഐ രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ മുതൽ തന്നെ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഗവർണറെ പരസ്യമായി വിമർശിച്ച് എസ്.എഫ്.ഐ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.