കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ചു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആദ്യം വിളിച്ചു പറഞ്ഞിരുന്നത് ഉമ്മൻചാണ്ടിയെ ആണെന്നും വടകരയിലേക്ക് പോകുന്ന കാര്യം ആദ്യമായി പറയാൻ എത്തിയതാണെന്നും ഷാഫി പറഞ്ഞു. ജനാധിപത്യ ഇന്ത്യയെ രക്ഷിക്കാനുള്ള വലിയ പോരാട്ടത്തിന്റെ ഭാഗമായാണ് പാർട്ടി ഏൽപ്പിച്ച ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. പാലക്കാട് മണ്ഡലത്തിന്റെ സാമുദായിക സ്വഭാവം എന്താണെന്ന് സമൂഹത്തിന് അറിയാമെന്നും തന്റെ മതം എന്തെന്ന് നോക്കാതെയാണ് പാലക്കാട്ടെ ജനങ്ങൾ തന്നെ സ്നേഹിക്കുന്നതെന്നും മുസ്ലിം സ്ഥാനാർഥി ആയതിനാൽ അല്ലേ വടകരയിൽ മത്സരിക്കുന്നതിന് നിയോഗിക്കപ്പെട്ടത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം ചൂണ്ടിക്കാണിച്ചപ്പോൾ പാലക്കട്ടെ ജനങ്ങളെ അണ്ടർഎസ്റ്റിമേറ്റ് ചെയ്യരുത് എന്ന് ഷാഫി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ വടകരയിൽ വിജയിക്കാൻ ആവുമെന്ന് ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വൈകിട്ട് 4 30നാണ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ഷാഫിയും നേതാക്കളും എത്തിയത്. ഷാഫിയുടെ പിതാവ് ഷാനവാസും ഒപ്പം ഉണ്ടായിരുന്നു. നേതാക്കളായ ജോബിൻ ജേക്കബ്, ജോണി ജോസഫ്, ജെ ജി പാലക്കലോടി കുഞ്ഞ് പുതുശ്ശേരി, സിബി കൊല്ലാട്, സാം കെ വർക്കി, ഗൗരി ശങ്കർ, ജോർജ് പയസ്, കെ എൻ നൈസാം, സെബാസ്റ്റ്യൻ ജോയ് തുടങ്ങിയവർ ചേർന്ന് ഷാഫിയെ സ്വീകരിച്ചു.