പത്തനംതിട്ട : സിപിഎം സ്വീകരണം നല്‍കിയ കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രന്‍റെ കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്‍റെ വാദം തള്ളി പത്തനംതിട്ട ജില്ലാ പൊലീസ്. ശരണ്‍ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. നവംബറില്‍ ശരണ്‍ ചന്ദ്രനെതിരെ അടിപിടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കാപ്പാ കേസ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു. ഒളിവില്‍ പോയ ശരണിനെ 2024 ഏപ്രില്‍ 16നാണ് പിടികൂടിയത്. ശരണ്‍ ചന്ദ്രനെതിരെ ആകെ 12 കേസുകളാണുള്ളത്. 11 കേസിനും രാഷ്ട്രീയ ബന്ധമുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയുടെയും മന്ത്രി വീണാ ജോര്‍ജിന്‍റെയും വിശദീകരണം തള്ളുന്നതാണ് പൊലീസിന്‍റെ മറുപടി.
കാപ്പാ കേസ് പ്രതിയെ പാര്‍ട്ടിയിലെടുത്തുകൊണ്ട് നല്‍കിയ സ്വീകരണത്തില്‍ വിചിത്ര വാദമാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മന്ത്രി വീണാ ജോര്‍ജും നടത്തിയത്. ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രൻ പ്രതിയായതെല്ലാം രാഷ്ട്രീയ സംഘർഷത്തിലാണെന്നും തെറ്റുകള്‍ തിരുത്താനാണ് ചെങ്കൊടിയേന്തിയതെന്നുമാണ് ഇരുവരും ന്യായീകരിച്ചത്. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രൻ ഉള്‍പ്പെടെ 60 പേരെയാണ് ഇന്നലെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചത്. 25 വയസ്സിനിടെ 12 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇഡ്ഡലിയെന്ന് വിളിക്കുന്ന ശരണ്‍. 2023 ജൂലൈയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് പുതിയ കേസ് എടുത്തു. ഇതോടെ ഒളിവില്‍ പോയ പ്രതിയെ പിന്നീട് ഏപ്രില്‍ 16 ന് പിടികൂടി. എന്നാല്‍ ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ വീണ്ടും അറസ്റ്റിലായി. ഒടുവില്‍ കഴിഞ്ഞ മാസമാണ് ജയില്‍മോചിതനായത്. ബിജെപി ബന്ധം ഉപേക്ഷിച്ച് ശരണ്‍ സിപിഎമ്മിലുമെത്തി. കേസുകളെല്ലാം ഒഴിവാക്കി നല്‍കുമെന്ന് ധാരണയിലാണ് പാർട്ടി പ്രവേശനമെന്നാണ് സൂചന. വിപ്ലവകാരി പാർട്ടിയില്‍ വന്നതുപോലെയാണ് സിപിഎം നേതൃത്വത്തിന്‍റെ ഇപ്പോഴത്തെ പ്രതികരണമെന്നും മുമ്ബ് പാര്‍ട്ടിയിലുണ്ടായിരുന്നെങ്കിലും തെറ്റായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ശരത് ചന്ദ്രനെ പുറത്താക്കുകയായിരുന്നുവെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രതികരണം.