കൊച്ചി : പാറശാലയിൽ ഷാരോൺ കൊലക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. കേസിൽ രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിൾ ബെഞ്ച് നിരസിച്ചത്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി.
തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമതത്തിയതെന്നുമായിരുന്നു ഇരുവരുടെയും വാദം. നേരത്തെ നെയ്യാറ്റിൻകര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു.ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹര്‍ജിയില്‍ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയില്‍ ആരോപിച്ചു. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികള്‍ പറയുന്നു. അന്വേഷണം പൂർത്തിയായിട്ടും കൂടുതൽ തെളിവുകൾ കണ്ടെത്തിയില്ല. ഇനിയും കസ്റ്റഡിയിൽ തുടരുന്നത് ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികൾ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഇരുവരുടെയും ജാമ്യ ഹർജി തള്ളിയിരുന്നു