തിരുവനന്തപുരം: ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ ഗ്രീഷ്മയ്ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ഷാരോണിന്റെ അച്ഛന്‍ ജയരാജന്‍. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ട്. അമ്മാവനാണ് സാധനം വാങ്ങി നല്‍കിയത്. അമ്മയുടെ പ്ലാനാണ് കൊലയ്ക്ക് പിന്നില്‍. ഗ്രീഷ്മ എല്ലാ ദിവസവും മകനെ അങ്ങോട്ട് വിളിക്കുമായിരുന്നു.
വെട്ടുകാട് പള്ളിയില്‍ പോയി താലികെട്ടി, സിന്ദൂരം തൊട്ടു എന്നാണ് തങ്ങള്‍ക്ക് മനസ്സിലായത്. ഷാരോണ്‍ എല്ലാം തന്നോട് തുറന്ന് പറയുമായിരുന്നു. താലികെട്ടിയത് മാത്രമേ മകന്‍ മറച്ച് വച്ചിട്ടുള്ളു. സിന്ദൂരം തൊട്ടതെല്ലാം പറഞ്ഞിട്ടുണ്ട്. ഒരിടയ്ക്ക് അവര്‍ ബ്രേക്ക് അപ്പ് ആയിരുന്നു. പിന്നീട് ഗ്രീഷ്മ തന്നെയാണ് മകനോട് അടുത്തതെന്നും ഷാരോണിന്റെ അച്ഛന്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രീഷ്മയെ കാണാന്‍ ഷാരോണ്‍ എത്തുന്നത് അമ്മ കണ്ടിരുന്നു. അവര്‍ തമ്മില്‍ തനിച്ച് കാണാനുള്ള സൗകര്യം അവര്‍ ഒരുക്കി നല്‍കി. വിഷം കലര്‍ന്ന കഷായം തയ്യാറാക്കിയത് ഗ്രീഷ്മയുടെ അമ്മയാണെന്നും അദ്ദേഹം ആരോപിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെണ്‍കുട്ടി ഇരിക്കുന്ന വീട്ടിലേക്ക് നേരത്തെ ബന്ധമുണ്ടെന്ന് അറിയുന്ന ആളെ വിളിച്ചുവരുത്തുന്നു. അവന്‍ എത്തുന്നതിന് തൊട്ടുമുമ്പായി അമ്മ വീട്ടില്‍ നിന്ന് പോകുന്നു. ഇതെല്ലാം ആസൂത്രണത്തിന്റെ ഭാഗമാണ്.
ഗ്രീഷ്മ പഠിച്ച കള്ളിയാണ്. അവളുടെ അമ്മ അറിയാതെ ഒന്നും ചെയ്യില്ല. അമ്മയെ രക്ഷിക്കാന്‍ ഗ്രീഷ്മ കള്ളം പറയുകയാണ്. പ്രണയത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയുടെ അമ്മ ഒരു വീഡിയോ അയച്ചിരുന്നു. ഇത് പൊലീസിന് നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി. ഞങ്ങളുടെ പക്കലുള്ള വീഡിയോ പാറശ്ശാല പൊലീസിന് കൈമാറിയിരുന്നില്ല. അത് കൈമാറിയിരുന്നെങ്കില്‍ ഈ തെളിവുകളൊന്നും ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. ആത്മഹത്യയാക്കി മാറ്റാനായിരുന്നു പാറശ്ശാല പൊലീസിന്റെ ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു.