തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഇരുവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വേണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിൻകര മജിസ്ട്രേറ്റിന്റെ നടപടി. മുഴുവൻ തെളിവെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കാനും കോടതി നിർദേശം നല്കി.അട്ടകുളങ്ങര വനിതാ ജയിലിൽ കഴിയുന്ന ഗ്രീഷ്മെയെയും ഇന്ന് തന്നെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ആത്മഹത്യ ശ്രമത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. ഗ്രീഷ്മയെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കസ്റ്റഡയിൽ വിടുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ നാളെ പളുകിലെ വീട്ടിൽകൊണ്ടുപോയി തെളിവെടുപ്പ് നടത്തും.