കോഴിക്കോട്: കോളിളക്കമുണ്ടാക്കിയ നിരവധി കേസുകള്‍ക്ക് തുമ്ബുണ്ടാക്കിയ പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു (68) അന്തരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറൻസിക് വിഭാഗം വകുപ്പ് മുൻ മേധാവിയായിരുന്നു. നിലവില്‍ കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു. ഫൊറൻസിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. ഷെർലി വാസു. ആയിരക്കണക്കിന് കേസുകളാണ് ഷെർലി വാസു ഔദ്യോഗിക കാലയളവില്‍ പരിശോധിച്ചത്. നൂറുകണക്കിന് വിദ്യാർഥികള്‍ക്ക് ഫൊറൻസിക് മെഡിസിൻ വിഭാഗത്തില്‍ അറിവ് പകർന്നു നല്‍കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു ഡോ. ഷെർലി വാസു. ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഷെർലി വാസുവായിരുന്നു. 1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. 1984ല്‍ ഫോറൻസിക് മെഡിസിനില്‍ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കല്‍ കോളജില്‍ അസി.പ്രഫസർ, അസോ.പ്രഫസർ പദവികള്‍ വഹിച്ചു. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഡപ്യൂട്ടേഷനില്‍ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി.
2001ജൂലൈ മുതല്‍ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്ബോഴാണ് ഒട്ടേറെ വിവാദ കേസുകള്‍ക്കു തുമ്ബുണ്ടാക്കാൻ സാധിച്ചത്. 2010ല്‍ തൃശൂർ മെഡിക്കല്‍ കോളജിലെത്തി. 2012 വരെ ഫോറൻസിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിൻസിപ്പലായി.
2017 ല്‍ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചു. ‘പോസ്റ്റ്മോർട്ടം ടേബിള്‍’ പ്രധാന കൃതിയാണ്. ഡോ. കെ. ബാലകൃഷ്ണനാണ് ഭർത്താവ്. മക്കള്‍ നന്ദന, നിതിൻ.